വിഴിഞ്ഞം: മദ്യപിക്കാൻ പണം ആവശ്യപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് ഒരാൾ കുത്തേറ്റ് മരിച്ചു. വിഴിഞ്ഞം ഉച്ചക്കട പയറ്റുവിള തേരിവിള വീട്ടിൽ സജികുമാർ (44) ആണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പയറ്റുവിള വട്ടവിള സ്വദേശി വിജയകുമാർ എന്ന മാക്കാൻ ബിജു (42), കോട്ടുകാൽ കുഴിവിള വടക്കരുകത്ത് വീട്ടിൽ പോരാളൻ എന്ന രാജേഷ് (45) എന്നിവരെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുപ്രതികളായ ഉച്ചക്കട സ്വദേശി റജി, സുധീർ, സജി എന്നിവർക്കായുള്ള അന്വേഷണം തുടരുന്നതായി ഫോർട്ട് അസിസ്റ്റന്റ് കമീഷണർ സി. ഷാജി പറഞ്ഞു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. കഴിഞ്ഞ ദിവസം രാത്രി ഉച്ചക്കട തേക്കുവിളയിൽ നിരവധി കേസുകളിലെ പ്രതികളടക്കമുള്ളവർ മദ്യപിക്കാനായി ഒത്തുകൂടി. ഒരു കേസിൽ ജയിലിൽ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ മാക്കാൻ ബിജു നടന്നുവരുന്നതിനിടയിൽ കൊല്ലപ്പെട്ട സജികുമാറും സംഘവും തടഞ്ഞുനിർത്തി മദ്യപിക്കാൻ പണം ആവശ്യപ്പെട്ടു. വാക്കുതർക്കത്തിനിടയിൽ സജികുമാർ ബിജുവിന്റെ കരണത്തടിച്ചു.
ബിജു തൊട്ടടുത്ത ആക്രിക്കടയിൽ കണ്ട കത്തിയെടുത്ത് സജികുമാറിനെ കുത്തിപ്പരിക്കേൽപിച്ചു. മെഡിക്കൽ കോളജിൽ എത്തിച്ച് സർജറിക്ക് വിധേയമാക്കിയെങ്കിലും സജികുമാറിനെ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റതാണെന്നാണ് കൂടെ ഉണ്ടായിരുന്നവർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, സജികുമാർ തന്നെ കുത്തിയത് മാക്കൻ ബിജുവാണെന്ന് ആശുപത്രിയിൽ മൊഴി നൽകിയിരുന്നു. അദാനി തുറമുഖ നിർമാണത്തിന് കല്ലെത്തിക്കുന്ന ടിപ്പർ ലോറി ഡ്രൈവറാണ് കൊല്ലപ്പെട്ട സജികുമാർ. ഭാര്യ: ഷീജ. യഥു, അഖില എന്നിവർ മക്കളാണ്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.