കൊല്ലപ്പെട്ട എസ്തർ ഗൊൺസാലേസ്

ഡി.എൻ.എ വഴി ഘാതകനെ തിരിച്ചറിഞ്ഞു; കാലിഫോർണിയയിൽ 45 വർഷം മുമ്പുനടന്ന കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു

വാഷിങ്ടൺ: കാലിഫോർണിയയിൽ 45 വർഷം മുമ്പു നടന്നൊരു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞിരിക്കുകയാണ്. ഡി.എൻ.എ പരിശോധന വഴിയാണ് അന്വേഷണസംഘം 1979 ഫെബ്രുവരി ഒമ്പതിന് നടന്ന കൊലപാതകത്തിന്റെ ദുരൂഹത മാറ്റിയത്. അന്നാണ് 17 കാരിയായ എസ്തർ ഗൊൺസാലേസ് സ്വന്തം വീട്ടിൽ നിന്ന് കാലിഫോർണിയയിലെ സഹോദരിയുടെ വീട്ടിലേക്ക് പോയത്. എന്നാൽ പിന്നീടൊരിക്കലും ആ പെൺകുട്ടിൽ സ്വന്തം വീട്ടിൽ തിരിച്ചെത്തിയില്ല. മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകാനിരിക്കെ തൊട്ടടുത്ത ദിവസം കാലിഫോർണിയയിലെ സ്നോപാർക്കിന് സമീപമുള്ള ഹൈവേക്കടുത്ത് അവളുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിനിരയായാണ് ​കൊല്ലപ്പെട്ടതെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞു. തുടർന്ന് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമമായി.

2014ൽ മരണപ്പെട്ട യു.എസ് നാവികസേനയിൽ ജോലി ചെയ്തിരുന്ന വില്യംസൺ ആണ് പ്രതിയെന്നാണ് പൊലീസ് ഇപ്പോൾ കണ്ടെത്തിയത്. എസ്തറിന്റെ മൃതദേഹം കണ്ടെത്തിയ കാര്യം ആദ്യം പൊലീസിനെ അറിയിച്ചത് വില്യംസൺ ആയിരുന്നു. എന്നാൽ മൃതദേഹം ആണിന്റേയാണോ പെണ്ണി​ന്റേയാണോ എന്ന് തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും അയാൾ പറയുകയുണ്ടായി. ഇയാളെ പോളിഗ്രാഫ് പരിശോധനക്ക് വിധേയനാക്കിയിട്ടും കാര്യമുണ്ടായില്ല. ഇയാൾക്കെതിരെ മുമ്പും ലൈംഗികാതിക്രമ ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ ഒന്നിൽ പോലും ശിക്ഷിക്കപ്പെട്ടിരുന്നില്ല. സംശയമുന ഉയർന്നിട്ടും അയാൾക്കെതിരെ തെളിവുകൾ ​കണ്ടെത്താൻ കാലിഫോർണിയ പൊലീസിന് കഴിഞ്ഞില്ല.

എന്നാൽ വർഷങ്ങൾകഴിഞ്ഞിട്ടും, അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ കഴിയാതെ വന്നിട്ടും കേസ് ഉപേക്ഷിക്കാൻ അവർ തയാറായില്ല. 1979ൽ എസ്തറിന്റെ ശരീരത്തിൽ നിന്ന് കിട്ടിയ ബീജത്തിന്റെ സാംപിൾ അവർ സൂക്ഷിച്ചുവെച്ചിരുന്നു. വർഷങ്ങളോളം നിലവിലുള്ള മറ്റ് ഡി.എൻ.എ സാംപിളുകളുമായി അത് പൊരുത്തപ്പെട്ടില്ല.

എന്നാൽ 2023ൽ കേസിൽ വഴിത്തിരിവുണ്ടായി. 2014ൽ മരണപ്പെട്ട വേളയിൽ വില്യംസണിന്റെ ശരീരത്തിൽനിന്ന് ലഭിച്ച രക്തത്തുള്ളികളാണ് നിർണായകമായത്. അതിലെ ഡി.എൻ.എക്ക് പെൺകുട്ടിയുടെ ശരീരത്തിൽനിന്ന് ലഭിച്ച ബീജത്തിന്റെ സാംപിളുമായി സാമ്യമുള്ളതായി പരിശോധനയിലൂടെ മനസിലായി. അതോടെ പെൺകുട്ടിയുടെ ഘാതകൻ വില്യംസൺ തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.

എസ്തറിന്റെ കുടുംബം മകൾ മരിച്ചതിന്റെ വേദനയിലാണെങ്കിലും അതിന് കാരണക്കാരനായ ആളെ കണ്ടെത്താൻ സാധിച്ചതിന്റെ ആശ്വാസവും പങ്കുവെച്ചു. മാതാപിതാക്കളുടെ ഏഴുമക്കളിൽ നാലാമത്തെ കുട്ടിയായിരുന്നു എസ്തർ. ​തേഞ്ഞുമാഞ്ഞു പോകുമായിരുന്ന ഒരു കേസിന് തുമ്പുണ്ടാക്കിയതിന് അന്വേഷണ സംഘത്തിന് നന്ദി പറയുകയാണ് ആ കുടുംബം.

Tags:    
News Summary - 45 years later, California murder mystery solved through DNA evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.