അടിമാലി: പൂപ്പാറ ചൂണ്ടലിൽ വാടക വീട്ടിൽ ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ പ്രതി പിടിയിൽ. അണക്കര എട്ടാംമൈൽ സ്വദേശി പ്രകാശി (42) നെയാണ് ശാന്തൻപാറ പൊലീസ് തമിഴ്നാട് ഗൂഡല്ലൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാവിലെയാണ് എട്ടാം മൈൽ സ്വദേശിയായ മണി (40)യുടെ മൃതദേഹം വീടിനകത്തു നിന്ന് കണ്ടെത്തിയത്. ചൂണ്ടലിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഇരുവരും മൂന്ന് മാസമായി അവിടെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
ഞായറാഴ്ച്ച രാത്രി മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ പണിക്കൂലി വീതം െവച്ചതിനെ ചൊല്ലി തർക്കത്തിലേർപ്പെട്ടു. തുടർന്നുണ്ടായ അടിപിടിയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
വിറക് കമ്പ് കൊണ്ടുള്ള അടിയേറ്റ് മണിയുടെ തലക്കും ശ്വാസകോശത്തിനും ഗുരുതര പരിക്കേറ്റതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ തന്ത്രപൂർവമാണ് പൊലീസ് കുടുക്കിയത്.
ഫോൺ ഉപയോഗിക്കാത്ത പ്രതി പോകാൻ സാധ്യതയുള്ള തമിഴ്നാട്ടിലെ ബന്ധുവീടുകളെ കുറിച്ച് പൊലിസ് ആദ്യം തന്നെ വിവരം ശേഖരിച്ചു. തുടർന്ന് ഈ സ്ഥലങ്ങൾ പ്രത്യേക സ്ക്വാഡ് നിരീക്ഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ഗൂഡല്ലൂരിലെ ബന്ധുവീടിനു സമീപത്തുനിന്നും പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.