മുംബൈ: മൂന്നര വയസുകാരനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ 28 കാരിയായ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ ഡോംബിവ്‌ലിയിലാണ് സംഭവം. യുവതിക്ക് കുട്ടിയെ ഇഷ്ടമല്ലാത്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് ഡോംബിവ്‌ലി വെസ്റ്റിലെ ശാസ്ത്രി നഗർ ഹോസ്പിറ്റലിൽ കുട്ടിയെ പരിക്കുകളോടെ പ്രവേശിപ്പിച്ചത്. വൈകിട്ട് 4.25 ഓടെ കുട്ടി മരിച്ചു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടിയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്ന് ഡോക്ടർ പൊലീസിനെ അറിയിച്ചു. കുട്ടിയുടെ ശരീരത്തിലുടനീളം ഒന്നിലധികം മുറിവുകളുണ്ടായിരുന്നു. അടിവയറ്റിലേറ്റ ആഴത്തിലുള്ള മുറിവ് കാരണമുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഡോംബിവ്‌ലി വെസ്റ്റിൽ പിതാവ് സഞ്ജയ് ജയ്‌സ്വാൾ, സഹോദരൻ, രണ്ടാനമ്മ ആന്റിമാദേവി എന്നിവർക്കൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. യുവതി കൂട്ടിയെ നിഷ്കരുണം മർദിക്കാറുണ്ടെന്നും ശ്വാസം മുട്ടിക്കാറുമുണ്ടെന്ന് കുട്ടിയുടെ സഹോദരൻ പൊലീസിനോട് പറഞ്ഞു. പലപ്പോഴായി വീട്ടിൽ നിന്ന് കുട്ടിയുടെ നിലവിളി കേട്ടിരുന്നതായി അയൽവാസികളും പൊലീസിനെ അറിയിച്ചു. കുട്ടിയെ ഇഷ്ടമില്ലാത്തതാണ് കൊലപ്പെടുത്താൻ കാരണമെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.