തലശ്ശേരി: ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവും ആറ് ലക്ഷം രൂപ പിഴയും. പേരാവൂരിലെ വെള്ളുവക്കണ്ടി അജേഷിനെയാണ് (36) തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക തടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
പേരാവൂര്‍ വെള്ളാര്‍വള്ളി വായനശാലക്ക് സമീപം വെള്ളുവക്കണ്ടി സനിത്തിനെ (32) കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. സനിത്തിന്റെ അമ്മാവന്റെ മകനാണ് ശിക്ഷിക്കപ്പെട്ട പ്രതി അജേഷ്. 2017 ജനുവരി 27 ന് രാത്രി എട്ട് മണിയോടെയാണ് കേസിനാധാരമായ സംഭവം.
സനിത്തിന്റെ വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി അജേഷ് മാതാപിതാക്കളുടെ മുന്നില്‍ വെച്ചാണ് സനിത്തിനെ ആക്രമിച്ചത്. ഉടനെ പേരാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സനിത്ത് മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ഒരു വർഷം മുമ്പ് പ്രതി അജേഷിന്റെ പിതാവിനെ സനിത്ത് കാലിന് കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇതിന്റെ വിരോധമാണ് സംഭവത്തിന് കാരണമായത്. പേരാവൂര്‍ ഇന്‍സ്പെക്ടര്‍ എന്‍. സുനില്‍കുമാര്‍ അന്വേഷണം നടത്തിയ കേസില്‍ ഇന്‍സ്പെക്ടര്‍ എ. കുട്ടികൃഷ്ണനാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. രൂപേഷ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.