മൂവാറ്റുപുഴ: അന്തർ സംസ്ഥാന തൊഴിലാളികളുടെ കൊലപാതകം നാടിനെ നടുക്കി. ആവോലി പഞ്ചായത്തിലെ അടൂപ്പറമ്പിൽ സ്വകാര്യ മില്ലിലെ ജീവനക്കാരായ അസം സ്വദേശികൾ മോഹന്തോ (40), ദീപങ്കര്‍ ബസുമ്മ (37 ) എന്നിവരെയാണ് ഞായറാഴ്ച വൈകീട്ട് മൂന്നോടെ മില്ലിലെ ഔട്ട് ഹൗസിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാരാണ് സംഭവസ്ഥലത്ത് തടിച്ചുകൂടിയത്.
തലേദിവസം വരെ അടൂപ്പറമ്പ് കവലയിൽ ഉണ്ടായിരുന്ന ഇരുവരുടെയും മരണം നാട്ടുകാർക്ക് വിശ്വസിക്കാനായില്ല. മാറാടി സ്വദേശി പാട്ടത്തിനെടുത്ത് നടത്തുന്ന മില്ലിൽ എട്ടു വർഷമായി ഇരുവരും ജോലി നോക്കി വരുകയായിരുന്നു. സൗമ്യരും എല്ലാവരുമായി ഇടപെടുന്നവരുമായിരുന്നു ഇവരെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇവരടക്കം മൂന്ന് അസം സദേശികളും ഒരു ഒഡിഷക്കാരനുമാണ് മില്ലിൽ ജോലി നോക്കിയിരുന്നത്. ഒഡിഷ സ്വദേശി ഗോപാൽ മല്ലിക്ക് മൂന്നു മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്.
ഇവർ മൂവരും ഒഡിഷക്കാരനും ഒരു മുറിയിലും മറ്റൊരു അസം സ്വദേശി അടുത്ത മുറിയിലുമാണ് താമസിച്ചിരുന്നത്. രണ്ടുപേരെ കൊലപ്പെടുത്തിയ ശേഷം ഒഡിഷ സ്വദേശി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അവധി ദിവസമായതിനാൽ മില്ലിൽ ഞായറാഴ്ച പണി ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ആരും ഇവരെ അന്വേഷിച്ചിരുന്നില്ല. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭാര്യ രാവിലെ മുതൽ വിളിച്ചിട്ടുകിട്ടാതെ വന്നതോടെ മില്ല് ഉടമയെ വിവരമറിയിച്ചതോടെ ഇവർ നടത്തിയ അന്വേഷണത്തിലാണ് തൊഴിലാളികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.