മ​ണി, ആ​ഷി​ക്

എക്സൈസ് വകുപ്പിന്‍റെ പരിശോധനക്കിടയിലും വെള്ളമുണ്ടയിൽ ലഹരിവിൽപന സജീവം

വെള്ളമുണ്ട: എക്സൈസ് വകുപ്പിന്‍റെ പരിശോധന മുറപോലെ നടക്കുമ്പോഴും വെള്ളമുണ്ടയിലും പരിസരങ്ങളിലും അനധികൃത ലഹരിവിൽപനയും മദ്യവിൽപനയും സജീവം. വെള്ളമുണ്ട, എട്ടേനാൽ, തരുവണ തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം ലഹരിവിൽപനക്കാരുടെ എണ്ണം വർധിച്ചത് ആശങ്കയുണ്ടാക്കുന്നു. മുമ്പ് ഒന്നോ രണ്ടോ പേർ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് കൂടുതൽ ആളുകൾ വിൽപനയുമായി രംഗത്തുണ്ടെന്ന് നാട്ടുകാർ പറയുന്നു. ആദിവാസികളും വിദ്യാർഥികളുമടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് ലഹരിമാഫിയ പ്രവർത്തിക്കുന്നത്. മറ്റ് ചില തൊഴിലിന്‍റെ മറവിൽ നടക്കുന്ന പരസ്യമായ ലഹരി കച്ചവടത്തിനെതിരെ പരാതികൾ ഉയരുമ്പോഴും നടപടി എടുക്കേണ്ട അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിക്കുന്നതായും ആക്ഷേപമുണ്ട്.

രാത്രിയാകുന്നതോടെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും മദ്യപിച്ച് ലക്കുകെട്ട് ഉറങ്ങുന്നവരും പതിവു കാഴ്ചയായിട്ടുണ്ട്. വാറ്റുചാരായവും കഞ്ചാവും മറ്റ് മാരക ലഹരിവസ്തുക്കളും ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ട് റോഡിൽ വീഴുന്നവർ മയക്കത്തിനിടയിൽ ഉരുണ്ട് റോഡിലേക്ക് എത്തുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായി പരാതിയുണ്ട്. രാത്രി നല്ല വേഗത്തിൽ വരുന്ന വാഹനങ്ങൾ റോഡരികിൽ കിടക്കുന്ന മദ്യപാനികളെ പലപ്പോഴും കാണാറില്ല. ശ്രദ്ധയൊന്ന് പാളിയാൽ ജീവൻതന്നെ അപകടത്തിലാവാൻ സാധ്യതയുണ്ടെന്ന് ഡ്രൈവർമാർ ചൂണ്ടിക്കാട്ടുന്നു. ആദിവാസികളടക്കമുള്ളവരാണ് ലക്കുകെട്ട് റോഡിൽ കിടക്കുന്നവരിലേറെയും. പ്ലസ് ടു വിദ്യാർഥികളെ വലയിലാക്കി വൻതോതിൽ കഞ്ചാവുവിൽപനയും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു

ലഹരിക്കെതിരെ ജാഗ്രതാസമിതി

വെള്ളമുണ്ട: വിദ്യാർഥികളിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടാനും സ്കൂളിലെത്തുന്ന കുട്ടികളെ വലയിലാക്കുന്നവരെ നിരീക്ഷിക്കാനുമായി പഞ്ചായത്ത് നേതൃത്വത്തിൽ ജാഗ്രതാസമിതി രൂപവത്കരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജംഷീർ കുനിങ്ങാരത്ത് ചെയർമാനും വെള്ളമുണ്ട എ.എസ്.ഐ മൊയ്തു ജനറൽ കൺവീനറുമായി 15 അംഗ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. ജാഗ്രതാസമിതി പ്രവർത്തകർക്ക് തിരിച്ചറിയൽ കാർഡ് നൽകാനും ടൗണുകളിൽ ബോർഡ്‌ സ്ഥാപിക്കാനും തീരുമാനിച്ചു.

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. സ്കൂൾ സമയങ്ങളിൽ പൊലീസ് പട്രോളിങ് വ്യാപിപ്പിക്കാനും ടൗണുകളിലും മറ്റും കറങ്ങുന്ന വിദ്യാർഥികള കണ്ടെത്തി രക്ഷിതാക്കളെ അറിയിക്കാനും തീരുമാനിച്ചു.

എട്ടേനാൽ ടൗണിനു പുറമെ, തരുവണ ടൗണിലും ജാഗ്രതാസമിതി രൂപവത്കരിക്കാനും തീരുമാനിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സൽമത്ത്, അനിൽകുമാർ എന്നിവർ യോഗം നിയന്ത്രിച്ചു.

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൽപറ്റ: കഞ്ചാവ് വില്പന നടത്തിവരുന്നതായ രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ യുവാവ് പിടിയിൽ. 209 ഗ്രാം കഞ്ചാവുമായി കൽപറ്റ എമിലിയിലെ ആഷിക് (25) ആണ് അറസ്റ്റിലായത്. കല്പറ്റ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ജില്ല പൊലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരിവിരുദ്ധ സേനാംഗങ്ങളും കല്പറ്റ എസ്.ഐ ഷറഫുദ്ദീനും സംഘവും സംയുക്തമായി കല്പറ്റ ടൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

പുൽപള്ളി: എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും സംഘവും പുൽപള്ളി തോണിക്കടവിൽ നടത്തിയ പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി വിൽപനക്കാരനെ പിടികൂടി. കർണാടക ബൈരകുപ്പ ആനമാളം വീട്ടിൽ മണി (65) ആണ് പിടിയിലായത്. മൺപാത്ര നിർമാണത്തൊഴിലാളി എന്ന വ്യാജേനയാണ് ഇയാൾ ബൈരകുപ്പയിൽനിന്ന് വയനാട്ടിലേക്ക് കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. പ്രതിയെ അറസ്റ്റ് ചെയ്ത് സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Drug dealing is active in Vellamunda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.