മട്ടാഞ്ചേരി: ലഹരിസംഘങ്ങൾ നാട് കൈയടക്കുമ്പോഴും നടപടി സ്വീകരിക്കാനാവാതെ കാഴ്ചക്കാരായി നിയമപാലകർ മാറുന്നത് പ്രതിഷേധത്തിന് വഴിവെക്കുന്നു. എയർഗൺ ഉപയോഗിച്ച് വെടിവെപ്പ് വരെ നടത്തിയ സംഭവത്തിലും അന്വേഷണം 'എയറിലാണ്'.
തർക്കങ്ങളിൽ കത്തിക്കുത്ത്, പൊതുകേന്ദ്രങ്ങളിൽ പരസ്യമായ ലഹരി ഉപയോഗം, പരാതിക്കാർക്കെതിരെ ഭീഷണി തുടങ്ങി ലഹരിസംഘങ്ങൾ നടത്തുന്ന അതിക്രമങ്ങൾ നിയന്ത്രണാതീതമാകുമ്പോൾ ഭീതിയിലാകുന്നത് പൊതുജനങ്ങളാണ്. സിനിമ സ്റ്റെലിൽ ജനമധ്യത്തിൽ ചേരിതിരിഞ്ഞ് പോരാട്ടം നടത്തുന്നവരെ പിടികൂടുന്നതിൽ പൊലീസ് നടത്തുന്ന അനാസ്ഥ വൻ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
കഴിഞ്ഞ ഒരുവർഷത്തിനകം കൊച്ചിയിൽ ലഹരിസംഘങ്ങൾ പരസ്യമായി ഏറ്റുമുട്ടിയ ഏഴോളം സംഭവങ്ങൾ ഉണ്ടായതായാണ് അറിയുന്നത്. ഇതിൽ പലതിലും പ്രതികളെ പിടികൂടുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നു. കഴിഞ്ഞ വർഷം മട്ടാഞ്ചേരിയിൽ രണ്ടുസംഘം തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിച്ചിരുന്നു. മാസങ്ങൾ പിന്നിട്ടിട്ടും ഇതിലെ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പള്ളുരുത്തിയിൽ നടന്ന ലഹരിസംഘത്തിെൻറ ഏറ്റുമുട്ടലിലും പൊലീസ് നടപടി കാര്യക്ഷമമല്ല. മട്ടാഞ്ചേരി ബസാറിൽ നട്ടുച്ചക്ക് ലഹരിസംഘങ്ങൾ തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ പരസ്യമായി എയർഗൺ ഉപയോഗിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിലും നടപടി മരവിപ്പിലാണ്.
ഫോർട്ട്കൊച്ചിയിൽ വിനോദസഞ്ചാരികളായ യുവതികളെ ശല്യപ്പെടുത്തിയ പ്രതികളെ പിടികൂടി ഉടൻ വിട്ടയച്ചതും തുടർനടപടികളിലെ അനാസ്ഥയും പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്. വിനോദസഞ്ചാര സീസൺ തുടങ്ങുന്നതും ഡിസംബറിൽ കൊച്ചി ബിനാലെ വരുന്നതും മുൻനിർത്തി കൂടുതൽ സഞ്ചാരികളെത്തുന്നതിന് വഴിയൊരുക്കും. ഒപ്പം ലഹരിമാഫിയ സംഘങ്ങളുടെ പ്രവർത്തനം കൂടുതൽ സജീവമാകാനുമിടയാക്കുമെന്നാണ് ജനകീയ സംഘടന പ്രതിനിധികളും റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.