കോഴിക്കോട്: മയക്കുമരുന്ന് കച്ചവടം നടത്തുകയും ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്തതിന് അരക്കിണർ ലൈല മൻസിൽ മുഹമ്മദ് ഷഹദിനെ (34) നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പാളയത്ത് പിടികൂടി.
കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപന നടത്താൻ ഡൽഹിയിൽനിന്ന് മയക്കുമരുന്ന് കൈമാറിയ കേസിൽ ഇടപാടുകൾ നടത്തിയത് ഷഹദാണെന്നും മാത്തോട്ടം, പയ്യാനക്കൽ, അരക്കിണർ ഭാഗങ്ങളിലെ ലഹരിവിൽപന സംഘത്തിലെ പ്രധാന കണ്ണിയാണെന്നും പൊലീസ് പറഞ്ഞു. 2023 ജനുവരി 19നായിരുന്നു സംഭവം. ടൗൺ പൊലീസും ഡാൻസാഫ് പാർട്ടിയും ചേർന്ന് അബ്ദുൽ നാസർ, ഷറഫുദ്ദീൻ, ഷബീർ എന്നിവരെ 84 ഗ്രാം എം.ഡി.എം.എയും 18 ഗ്രാം ഹഷീഷ് ഓയിലും സഹിതം പിടികൂടിയിരുന്നു. തുടർന്ന് വിശദ അന്വേഷണം നടത്തിയതിൽ ഡൽഹിയിൽനിന്ന് മയക്കുമരുന്ന് എത്തിച്ചത് കാസർകോട്ടുകാരനായ മുസമ്മിലാണെന്ന് വ്യക്തമായി. മുസമ്മിലിനെ മംഗളൂരുവിൽനിന്നാണ് അറസ്റ്റ് ചെയ്തത്. തുടർന്നുള്ള അന്വേഷണത്തിലാണ് മയക്കുമരുന്നിനായി ഇടപാട് നടത്തിയത് ഷഹദാണെന്ന് മനസ്സിലായത്.
കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായി. ഇവരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണികളെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ഡാൻസഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹ്മാൻ, കെ. അഖിലേഷ്, അനീഷ് മൂസേൻവീട്, സുനോജ് കാരയിൽ, ടൗൺ സ്റ്റേഷനിലെ എ.എസ്.ഐ മുഹമ്മദ് സബീർ, ഉദയകുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.