മംഗളൂരു: നഗരത്തിലെ രണ്ട് പെട്ടിക്കടകളിൽ വിൽപനയിലുള്ള ലഹരി കലർന്ന 100 കിലോഗ്രാം ചോക്ലേറ്റുകൾ മംഗളൂരു പാണ്ടേശ്വരം പൊലീസ് പിടികൂടി. കാർ സ്റ്റ്രീറ്റിലെ മനോഹർ ഷെട്ടി,ഫൽനിറിൽ യു.പി സ്വദേശി ബച്ചൻ സോങ്കാർ എന്നിവരുടെ കടകളിൽ നിന്നാണിവ പിടിച്ചെടുത്തത്.
ഇരു കടകളിലും അനുഭവപ്പെടുന്ന തിരക്ക് ശ്രദ്ധയിൽ പെട്ടവർ പൊലീസിന് വിവരം നൽകുകയായിരുന്നു. സ്കൂൾ, കോളജ് വിടുന്ന സമയങ്ങളിൽ കുട്ടികൾ വൻതോതിൽ എത്തി വാങ്ങുന്നത് ചോക്ലേറ്റുകളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. കട ഉടമകൾക്ക് എതിരെ കേസെടുത്ത പൊലീസ് ചോക്ലേറ്റ് രാസ പരിശോധനക്ക് അയച്ചു. ഏത് തരം,എത്ര അളവിൽ ലഹരി കലർത്തിയാണെന്ന് അറിയാനാണിത്.
നഗരത്തിൽ പുകയില ഉൽപന്നങ്ങൾ നിരോധം ലംഘിച്ച് വിൽപന നടത്തിയ 707 പേർക്ക് എതിരെ കഴിഞ്ഞ മാസം പുകയില വിരുദ്ധ "കോട്പ"നിയമത്തിൽ കേസെടുത്ത് 71340 രൂപ പിഴ ഈടാക്കി യിരുന്നു. ആ പരിശോധനയിൽ ഉൾപ്പെടാത്ത കടകളിൽ നിന്നാണ് ലഹരി ചോക്ലേറ്റുകൾ പിടികൂടിയത്. ഇതിെൻറ ഉത്ഭവ കേന്ദ്രം, വിപണന ശൃംഖല തുടങ്ങിയവ അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന് മാഫിയകളുടെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കുൽദീപ് കുമാർ ജയിൻ പറഞ്ഞു. കാമ്പസുകൾ കേന്ദ്രീകരിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും നടക്കുന്നതിനെതിരെ പൊലീസ് ജാഗ്രത പുലർത്തുന്നുണ്ട്. കുട്ടികളെ ഇളം പ്രായത്തിൽ ലഹരിക്കടിമയാക്കാനുള്ള റാക്കറ്റ് സജീവമാണ്. കാമ്പസ് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ഈ വർഷം 130 കിലോഗ്രാം കഞ്ചാവും 550 ഗ്രാം രാസ മയക്കുമരുന്നുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. 38 വിതരണക്കാരും ഉപയോഗിച്ച 130 പേരും ശിക്ഷ അനുഭവിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.