കൊച്ചി: ഇലന്തൂർ ഇരട്ട നരബലിക്കേസ് പ്രതികളുടെ മുൻകാല ബന്ധങ്ങളിൽ വിശദ പരിശോധനയുമായി അന്വേഷണസംഘം. ഒന്നാം പ്രതി ഷാഫി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളെയും അടുത്ത് പരിചയമുള്ളവരെയും കുറിച്ച് ആഴത്തിലുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.
ഷാഫി മുമ്പ് ഒരു ആശുപത്രിയിൽ ജോലി ചെയ്തിരുന്നുവെന്നും അവിടെവെച്ച് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങളെക്കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ കഷണങ്ങളാക്കിയ രീതി ശ്രദ്ധയിൽപെട്ട ഫോറൻസിക് വിദഗ്ധർ ഇത്തരമൊരു സംശയം ഉന്നയിച്ചതായാണ് വിവരം. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇയാൾ ജോലി ചെയ്തെന്ന സൂചനയാണ് ലഭിച്ചത്. പത്മയുടെ മൃതദേഹം മുറിച്ചുമാറ്റിയ രീതികളാണ് സംശയത്തിന് വഴിവെച്ചത്. മൃതദേഹം കഷണങ്ങളാക്കിയത് വിദഗ്ധമായാണെന്നത് സംശയം വർധിപ്പിക്കുന്നു. ചോദ്യം ചെയ്യലിൽ ഷാഫി ഇക്കാര്യം സംബന്ധിച്ച് ഒരു മറുപടിയും നൽകിയിട്ടില്ല. ഇലന്തൂരിലെ വീട്ടുവളപ്പിലെ പരിശോധനകൾക്കുശേഷം കൂടുതൽ അന്വേഷണമുണ്ടാകും.
പ്രതികളായ ഷാഫി, ഭഗവൽസിങ്, ലൈല എന്നിവരുമായി ഏതാനും വർഷങ്ങൾക്കിടെ നിരന്തരം ബന്ധപ്പെട്ടിരുന്നവരെക്കുറിച്ച് സൈബർ വിദഗ്ധർ വിവരം ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽനിന്ന് സംശയം തോന്നുന്നവരെ വിളിച്ച് ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത്തരത്തിൽ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയാറാക്കും. പ്രതികൾ കസ്റ്റഡിയിലുള്ള ദിവസങ്ങളിൽ ഇവരുടെ ചോദ്യം ചെയ്യലും പരമാവധി പൂർത്തിയാക്കാനാണ് തീരുമാനം. പോസ്റ്റ്മോർട്ടം നടപടികളും പുരോഗമിക്കുകയാണ്. ദീർഘമായ പോസ്റ്റ്മോർട്ടത്തിന് ശേഷം എല്ലാ അവയവങ്ങളും കണ്ടെടുക്കാനായോ എന്ന് അറിയാനാകും. നൂറിലേറെ ശരീരഭാഗങ്ങളാണ് പോസ്റ്റ്മോർട്ടം നടത്തുന്നത്. ചോദ്യം ചെയ്യൽ ഘട്ടത്തിൽ ഷാഫി പൂർണമായി സഹകരിക്കാതിരിക്കുന്നത് പൊലീസിന് വെല്ലുവിളിയാകുന്നുണ്ട്. ഭഗവൽസിങ്, ലൈല എന്നിവരിൽനിന്ന് ലഭിക്കുന്ന മൊഴിയും ഷാഫിയുടെ മൊഴിയും തമ്മിൽ വൈരുധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.