മൂവാറ്റുപുഴ: ആൺസുഹൃത്തിന് മൊബൈൽ ഫോൺ വാങ്ങി നൽകുന്നതിനായി വയോധികയെ ചുറ്റികക്ക് തലക്ക് അടിച്ചുവീഴ്ത്തി സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്ലസ് ടു വിദ്യാർഥിനിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കി വിട്ടയച്ചു. മാതാപിതാക്കൾക്ക് ഒപ്പമാണ് കുട്ടിയെ വിട്ടത്.
ചൊവ്വാഴ്ച രാവിലെ 11 ഓടെയാണ് ഭർത്താവ് മരണപ്പെട്ട തട്ടുപറമ്പിലെ വീട്ടിൽ ഒറ്റക്കായിരുന്ന മൂവാറ്റുപുഴ പായിപ്ര തട്ടുപറമ്പ് ജ്യോതിസിൽ ജലജയെ (61) ആക്രമിച്ചു പ്ലസ് ടു വിദ്യാർഥിനി ആഭരണങ്ങൾ കവർന്നത്. പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞുവന്ന വയോധിക ഡിസ്ചാർജായി വീട്ടിലെത്തിയിട്ടുണ്ട്. ഇവർ നൽകിയ വിവരങ്ങളെ തുടർന്നു പൊലീസ് വിദ്യാർഥിനിയെ രക്ഷിതാക്കൾക്കൊപ്പം സ്റ്റേഷനിലേക്കു കൊണ്ടുവന്ന് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രണ്ട് കമ്മലും മോതിരവും സ്വർണമാലയുമാണ് കവർന്നത്.
സംഭവശേഷം മൂവാറ്റുപുഴയിലെത്തിയ പെൺകുട്ടി കാമുകനെ വിളിച്ചുവരുത്തി മാല കൈമാറാൻ ശ്രമിച്ചെങ്കിലും ഇയാൾ ഇതുവാങ്ങാൻ തയാറാകാതെ വിദ്യാർഥിനിയെ വീട്ടിലേക്കു തിരിച്ചയക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്നു പൊലീസ് പറഞ്ഞു. കാമുകനൊപ്പമാണ് വിദ്യാർഥിനി വയോധികയെ ആക്രമിച്ചതെന്ന പ്രചാരണം ശരിയല്ലെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.