തിരുവല്ല: ഫ്ലാറ്റിൽ തനിച്ചു താമസിച്ചിരുന്ന വയോധികന്‍റെ എ.ടി.എം. കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ മെയിൽ നഴ്സിനെ തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവ് (38) ആണ് അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തീയറ്ററിന് സമീപത്തെ ബി.ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്റെ പണമാണ് എ.ടി.എമ്മിലൂടെ പല തവണയായി രാജീവ് കവർന്നത്.
തനിച്ച് താമസിച്ചിരുന്ന എബ്രഹാമിനെ പരിചരിക്കാനായി പുനലൂരിലെ ഒരു ഏജൻസി മുഖേന ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജീവ് ഫ്ലാറ്റിൽ ജോലിക്കെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്റെ എ.ടി.എം കാർഡ് കൈക്കലാക്കി കാർഡിന്റെ കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പല തവണയായി ഒന്നര ലക്ഷത്തോളം രൂപ വിവിധ എ.ടി.എമ്മുകളിൽ നിന്നും പിൻവലിക്കുകയായിരുന്നു.
വിദേശത്തുള്ള മകൻ പണം അയച്ചത് അറിയിക്കാൻ കഴിഞ്ഞ ദിവസം എബ്രഹാമിനെ വിളിച്ചപ്പോൾ സംശയമുണ്ടായതിനെ തുടർന്ന് ബാങ്കിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പല തവണയായി ബാങ്കിൽ നിന്നും പണം നഷ്ടമായ വിവരം അറിയുന്നത്.
ഇതേതുടർന്ന് എബ്രഹാം തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.