കൊല്ലം: കരാർ റദ്ദായ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മറവിൽ യൂറോപ്പിൽ ജോലി വാഗ്ദാനം നടത്തി മുന്നൂറോളം പേരിൽനിന്ന് പണം തട്ടിച്ചതായി സംശയിക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ. ഒന്നാം പ്രതി കൊല്ലം അരിനല്ലൂർ കോവൂർ മുക്കൊടി തെക്കതിൽ ബാലു ജി. നാഥ് (31), ഭാര്യയായ നാലാം പ്രതി അശ്വതി (26), അശ്വതിയുടെ മാതാവ് മൂന്നാം പ്രതി പെരുമ്പുഴ യമുനാ സദനത്തിൽ അനിത കുമാരി (48) എന്നിവരാണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
രണ്ടാം പ്രതി പരവൂർ ഭൂതക്കുളം സ്വദേശിയും കോട്ടയം രാമപുരം മഹാലക്ഷ്മി നിലയത്തിൽ താമസക്കാരനുമായ വേണു വിജയൻ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. 2021 ആഗസ്റ്റ് മുതൽ 2023 ആഗസ്റ്റ് വരെയുള്ള കാലയളവിൽ പണം തട്ടിച്ചെന്ന്കാട്ടി നീണ്ടകര മെർലിൻ ഭവനിൽ ക്ലീറ്റസ് ആന്റണി നൽകിയ പരാതിയിലാണ് പ്രതികൾ കല്ലമ്പലത്തുനിന്ന് അറസ്റ്റിലായത്.
ക്ലീറ്റസിന്റെ മകനും ബന്ധുക്കൾക്കും യു.കെയിലേക്ക് വിസ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി എട്ടര ലക്ഷം തട്ടിച്ചെന്നാണ് പരാതി. കൊല്ലം താലൂക്ക് ഓഫിസിന് സമീപം ബാലുവും അശ്വതിയും ചേർന്ന് നടത്തിയിരുന്ന ഫോർസൈറ്റ് ഓവർസീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്. ഈ സ്ഥാപനത്തിൽ നിന്ന് യു.കെയിലെത്തിയ 25 പേർ ജോലിക്ക് കയറിയ കമ്പനിയിൽ നിന്ന് രാജിവെച്ചതോടെ സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ അധികൃതർ റദ്ദാക്കുകയായിരുന്നു. ഇത് മറച്ചുവെച്ചാണ് പണംവാങ്ങൽ തുടർന്നത്. പ്രതികൾ ആഢംബര ജീവിതമാണ് നയിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.
കേസെടുത്തകാലം മുതൽ ഒളിവിലായിരുന്ന പ്രതികൾ കല്ലമ്പലത്ത് വാടകക്ക് താമസിക്കുകയായിരുന്നു. മുൻകൂർ ജാമ്യത്തിന് സെഷൻസ് കോടതിയെയും ഹൈകോടതിയെയും പ്രതികൾ സമീപിക്കുകയും ഹൈകോടതി ഹരജി തള്ളുകയും ചെയ്തു. തുടർന്നാണ് ഉന്നതതല നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്കായി പൊലീസ് തെരച്ചിൽ വ്യാപകമാക്കിയത്. ഏഴ് ദിവസങ്ങൾക്ക് മുമ്പ് കല്ലമ്പലത്ത് താമസത്തിനെത്തിയ പ്രതികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
മൂന്നാം പ്രതിയായ അനിത കുമാരിയുടെ അക്കൗണ്ടിലേക്കാണ് ക്ലീറ്റസ് മൂന്ന് ലക്ഷം കൈമാറിയത്. ക്ലീറ്റസിന്റെ ബന്ധു ജാൻസി ജസ്റ്റസും മറ്റൊരു ബന്ധുവും മൂന്ന് ലക്ഷം വീതം നൽകി.
ഇവർ വിസയെക്കുറിച്ച് ചോദിച്ചപ്പോൾ കോട്ടയത്തുള്ള വേണു വിജയനോട് ചോദിക്കാനാണ് പ്രതികൾ പറഞ്ഞത്. എന്നാൽ, ഇയാളും കൈമലർത്തി.
ജനിക വൈകല്യ രോഗമുള്ള മകളുടെ ചികിത്സ ഉൾപ്പെടെ ലക്ഷ്യമാക്കിയാണ് താൻ വിദേശ ജോലിക്ക് ശ്രമിച്ചതെന്ന് ജാൻസി പറയുന്നു. വായ്പയെടുത്ത പണമാണ് ഇതിനായി നൽകിയത്. വിസ നൽകാം എന്ന് ഉറപ്പുമാത്രം നൽകി ഏറെക്കാലം പറ്റിച്ചതോടെയാണ് പരാതി നൽകിയത്.
അതേസമയം, പ്രതികൾ മുന്നൂറോളം പേരെ തട്ടിച്ചതായാണ് സംശയമുയരുന്നത്. ഉദ്യോഗാർഥികൾ ശല്യം ചെയ്യുന്നെന്ന് കാണിച്ച് സംരക്ഷണം ആവശ്യപ്പെട്ട് വേണു വിജയൻ ഹൈകോടതിയിൽ നൽകിയ ഹരജിയിൽ തങ്ങളുടേതുൾപ്പെടെ 355 പേരുടെ പേരുണ്ടായിരുന്നതായി ക്ലീറ്റസും ജാൻസി ജസ്റ്റസും പറയുന്നു. പ്രതികൾ പിടിയിലായെന്ന് അറിഞ്ഞ് കൂടുതൽ പരാതിക്കാർ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി.
ക്രൊയേഷ്യയിലേക്ക് എന്ന പേരിൽ ഇവർ മനുഷ്യ കടത്ത് നടത്തിയതായും പരാതിയുണ്ട്. മറ്റ് പരാതികൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും. കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സുമേഷ്, ശബ്ന, ജോയ്, സി.പി.ഒമാരായ ഷഫീക്ക്, അനു ആർ. നാഥ്, അജയകുമാർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.