കൊച്ചി: നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ ശരിവെക്കുന്ന തെളിവുകൾ കണ്ടെത്തിയതായി ക്രൈംബ്രാഞ്ച്. ദിലീപും സഹോദരി ഭർത്താവ് സുരാജും ഉപയോഗിച്ചിരുന്ന ഫോണുകളിൽനിന്ന് ഇവ മായ്ച്ചുകളഞ്ഞെങ്കിലും കുറെയേറെ വീണ്ടെടുക്കാനായിട്ടുണ്ട്.
ദിലീപിന്റേതടക്കമുള്ള ഫോണുകളിലെ വിവരങ്ങൾ മായ്ച്ചുകളയാൻ അയച്ച മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡിൽനിന്ന് പിടിച്ചെടുത്ത ഹാർഡ് ഡിസ്കിൽനിന്ന് ലഭിച്ച വിവരങ്ങൾ ഇത് ശരിവെക്കുന്നുണ്ട്. ഒരു ജഡ്ജിയെ ബിഷപ് മുഖേന സ്വാധീനിക്കാൻ ബാലചന്ദ്രകുമാറിന്റെ സഹായം തേടി സുരാജും അനൂപും അയച്ച വാട്സ് ആപ് സന്ദേശങ്ങൾ വീണ്ടെടുത്തതായും ക്രൈംബ്രാഞ്ച് ഹൈകോടതിയിൽ അറിയിച്ചു. അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി സമർപ്പിച്ച ഉപഹരജിയിലാണ് ഇക്കാര്യങ്ങൾ പറയുന്നത്.
ജഡ്ജി ഒപ്പിട്ടതടക്കമുള്ള ചില കോടതി രേഖകളുടെ ചിത്രങ്ങൾ ദിലീപിന്റെ ഫോണിൽനിന്ന് കിട്ടി. ഇതേതുടർന്ന് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അപേക്ഷ നൽകിയെങ്കിലും വിചാരണക്കോടതി അനുമതി നൽകിയിട്ടില്ല. ദിലീപും കൂട്ടരും അഭിഭാഷകരുടെ സഹായത്തോടെ തെളിവുകൾ നശിപ്പിച്ചു.
ദിലീപ് ഉൾപ്പെടെ പ്രതികളുടെ ആറ് ഫോണുകളിൽനിന്ന് രണ്ടു ലക്ഷം പേജുകൾ, 11161 വിഡിയോകൾ, 11238 ഓഡിയോ ക്ലിപ്പുകൾ, രണ്ടു ലക്ഷത്തോളം ചിത്രങ്ങൾ, 1597 രേഖകൾ എന്നിവ കണ്ടെടുത്തു. ദിലീപിന്റെ രണ്ടു മൊബൈൽ ഫോണുകളിലെ 90 ശതമാനം ഡേറ്റകൾ മാത്രമേ ഇതുവരെ പരിശോധിച്ചുള്ളൂ. മറ്റുള്ള രേഖകൾ പരിശോധിക്കാൻ കൂടുതൽ സമയം വേണം. ദിലീപിന്റെ ഫോണുകളിൽനിന്ന് തെളിവുകൾ നശിപ്പിച്ചിട്ടുണ്ടെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു.
ദിലീപിന്റെ വീടിനു സമീപം കേസിലെ ഒന്നാം പ്രതി പൾസർ സുനി എത്തിയതിന് തെളിവുണ്ട്. പൾസർ സുനിയെ ദിലീപിന്റെ വീട്ടിൽനിന്ന് കൊണ്ടുപോയ ചുവന്ന സ്വിഫ്റ്റ് കാർ പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ ലഭിച്ച തെളിവുകളിൽനിന്ന് ബാലചന്ദ്രകുമാർ വിശ്വസിക്കാനാകുന്ന സാക്ഷിയാണെന്ന് ബോധ്യപ്പെട്ടതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.