കൂത്തുപറമ്പ്: സ്വർണം പൂശിയ മുക്കുപണ്ടം പണയംവെച്ച് ബാങ്കുകളിൽനിന്ന് വൻ തുക തട്ടിയ സംഭവത്തിൽ ഒരാളെ കൂടി കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പങ്ങോട്ടൂരിലെ രാമൻ കടവത്ത് ഹൗസിൽ ആർ.കെ. ഇല്യാസി (28) നെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇല്യാസിനെ കൂത്തുപറമ്പിലെത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന (50), നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30) എന്നിവരെ നേരത്തേ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ ബാങ്കുകളിൽനിന്നായി പ്രതികൾ ഒരു കോടിയോളം രൂപ തട്ടിയെടുത്തതായാണ് കണ്ടെത്തിയിട്ടുള്ളത്.
കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻതട്ടിപ്പ് വിവരം പുറത്തു വന്നത്.
സ്വർണം പൂശിയ മുക്കുപണ്ടം ബാങ്കുകളിൽ പണയംെവച്ച് പ്രതികൾ ബാങ്കുകളിൽനിന്നും കോടികൾ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചു വരികയാണ്. കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.