കിടന്നുറങ്ങുകയായിരുന്ന കർഷകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അജ്ഞാതർ; സംഭവം യു.പിയിൽ

ലഖ്നോ: വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്ന കർഷകനെ അജ്ഞാതർ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കർഷകനായ ഗ്യാനി പ്രസാദ് (62 ) ആണ് കൊല്ലപ്പെട്ടത്. ഉത്തർപ്രദേശിലെ ബറേലി ജില്ലയിൽ സിറൗലി പൊലീസ് സ്റ്റേഷന് പരിധിയിലെ ജഗന്നാഥ്പൂർ ഗ്രാമത്തിലാണ് സംഭവം.

ശനിയാഴ്ച പുലർച്ചെ 2:30 ഓടെ ഗ്യാനി പ്രസാദ് കിടന്നുറങ്ങുമ്പോഴാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ലോക്കൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ കട്ടിലിൽ കിടക്കുന്ന ഗ്യാനി പ്രസാദിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (നോർത്ത്) മുകേഷ് ചന്ദ്ര മിശ്ര പറഞ്ഞു.

ഗ്യാനി പ്രസാദിനെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികൾക്കുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ്‌ വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്നും എ.എസ്.പി പറഞ്ഞു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപതിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ കുടുംബത്തിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഔദ്യോഗിക എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും എ.എസ്.പി കൂട്ടിച്ചേർത്തു. അതേസമയം ഗ്യാനി പ്രസാദിൻ്റെ കുടുംബാംഗങ്ങളെയും അയൽക്കാരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

ഗ്യാനി പ്രസാദിന് ആരുമായും ശത്രുത ഉണ്ടായിരുന്നില്ലെന്ന് കുടുംബം പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ ഞങ്ങൾ ഔപചാരികമായി പരാതി നൽകുമെന്നും ഗ്യാനി പ്രസാദിന്റെ സഹോദരൻ നെക്‌പാൽ പറഞ്ഞു. 

Tags:    
News Summary - farmer-strangled-to-death-in-his-sleep-in-ups-bareilly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.