തിരൂർ: കൂട്ടായിയിൽ എസ്.ഡി.പി.ഐ പ്രവർത്തകന് വെട്ടേറ്റു. എസ്.ഡി.പി.ഐ ആശാൻപടി ബ്രാഞ്ച് അംഗം കുപ്പന്റെ പുരക്കൽ അഷ്കറിനാണ് (34) വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി ഏഴിനാണ് സംഭവം. കോതപ്പറമ്പ് കടൽതീരത്ത് ഇരിക്കുമ്പോഴാണ് ബൈക്കിലും ഓട്ടോയിലും വാളും ഇരുമ്പുപൈപ്പും അടക്കമുള്ള മാരകായുധങ്ങളുമായി അഷ്കറിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
തലക്കും കൈക്കും കാലിലും ഗുരുതര പരിക്കേറ്റ അഷ്കറിനെ ആദ്യം തിരൂർ ജില്ല ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയുടെ ഭാഗമായി മണ്ഡലം നേതാവടക്കം 10 പേരാണ് അഷ്കറിനെ കൊല്ലാൻ ശ്രമിച്ചതെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു.
എന്നാൽ, വഴിത്തർക്കമാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു. എന്നാൽ, കുടുംബകലഹമാക്കി വഴിതിരിച്ചുവിടാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് എസ്.ഡി.പി.ഐ മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മൂന്നു ദിവസം മുമ്പും മാരകായുധങ്ങളുമായി പ്രതികൾ അഷ്കറിനെ ആക്രമിച്ചിരുന്നെന്നും തിരൂർ സർക്കിൾ ഇൻസ്പെക്ടർക്കും തിരൂർ സബ് ഇൻസ്പെക്ടർക്കും പരാതി നൽകിയെങ്കിലും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും അവർ കുറ്റപ്പെടുത്തി. തിരൂർ സി.ഐയെയും എസ്.ഐയെയും മാറ്റിനിർത്തി ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും നേതാക്കൾ പറഞ്ഞു.
വാർത്തസമ്മേളനത്തിൽ എസ്.ഡി.പി.ഐ ജില്ല കമ്മിറ്റി അംഗം അബ്ദുല്ലക്കുട്ടി തിരുത്തി, തവനൂർ മണ്ഡലം സെക്രട്ടറി നാസർ മംഗലം, മംഗലം പഞ്ചായത്ത് പ്രസിഡൻറ് അബ്ദുൽ ഗഫൂർ, ജോയന്റ് സെക്രട്ടറി ആദിൽ മംഗലം, അമീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.