നാദാപുരം: കനത്ത മഴയിൽ ശാന്തമായി കിടന്നുറങ്ങിയ മുടവന്തേരിക്കാർ ഉണർന്നത് ദുരന്തവാർത്ത കേട്ട്. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് മകന്റെ കുത്തേറ്റ് തൂണേരി പഞ്ചായത്തിലെ മുടവന്തേരി ഒന്നാം വാർഡിലെ പറമ്പത്ത് സൂപ്പി (62) മരിച്ചത്. മകന്റെ ആക്രമണത്തിൽനിന്ന് വീടിന്റെ മുകൾനിലയിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സൂപ്പിയെ കോണിപ്പടിയിൽ കുത്തിവീഴ്ത്തുകയായിരുന്നു. പിതാവിനെ കുത്തിക്കൊന്ന മകൻ മാതാവിനെയും സഹോദരനെയും കുത്തിപ്പരിക്കേൽപിച്ചു. ദേഹമാസകലം ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച പ്രതി മുഹമ്മദലി (31) പൊലീസ് നിരീക്ഷണത്തിലാണ്.
ഇടക്കിടെ മനോദൗർബല്യത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന പ്രതി വീട്ടിൽ ബഹളംവെക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. പതിവ് വഴക്കാണെന്നു കരുതിയ അയൽവാസികൾ കൂട്ടക്കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നാലുപേരെയും കണ്ടത്.
ഒറ്റനില വീടിന്റെ കോണിപ്പടി മുതൽ വരാന്ത വരെയുള്ള മുഴുവൻ സ്ഥലങ്ങളിലും രക്തം തളംകെട്ടിയ നിലയിലായിരുന്നു. സൂപ്പി സംഭവസ്ഥലത്തു തന്നെ മരിച്ചെങ്കിലും മറ്റുള്ളവരെ നേരം വൈകാതെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞതിനാൽ രക്ഷപ്പെട്ടു. മാതാവ് നഫീസക്ക് വലതു ചുമലിലും സഹോദരൻ മുനീറിന് കൈക്കും ആഴത്തിൽ മുറിവേറ്റിരുന്നു.
മുഹമ്മദലി ഉപയോഗിച്ചിരുന്ന സിം കാർഡ് കാണാതായതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ വാക്കേറ്റം നടന്നിരുന്നു. കൃത്യം നടന്ന ദിവസം അടുത്ത വീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുത്തശേഷം വീട്ടിൽ തിരിച്ചെത്തിയ ഉടനെ ഉറങ്ങിക്കിടന്ന പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറഞ്ഞത്. തടയാൻ നടത്തിയ ശ്രമത്തിനിടെയാണ് മാതാവ് നഫീസ (55), സഹോദരൻ മുനീർ (21) എന്നിവർക്ക് കുത്തേറ്റത്.
കാലിനും കൈക്കും മുറിവേറ്റ് ഗുരുതരാവസ്ഥയിൽ മുഹമ്മദലിയെ വടകരയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് പൊലീസ് കാവലേർപ്പെടുത്തി. നാദാപുരം ഡിവൈ.എസ്.പി ടി.പി. ജേക്കബ്, സി.ഐ ഇ.വി. ഫായിസ് അലി എന്നിവരുടെ നേതൃത്വത്തിൽ വിരലടയാള വിദഗ്ധർ വീട്ടിൽ പരിശോധന നടത്തി. കോൺക്രീറ്റ് വീടിന്റെ മുകൾനിലയിലെ ടെറസിൽ ചാക്കിൽ സൂക്ഷിച്ച തേങ്ങകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച നിലയിൽ പിടികളിൽ രക്തംപുരണ്ട വിദേശനിർമിത കത്തി കണ്ടെത്തി. കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.
നാദാപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിപ്പുരമുക്കിലെ മകളുടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് ഏഴു മണിയോടെ മുടവന്തേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.