മൂവാറ്റുപുഴ: ഓട്ടോ ഇലക്ട്രിക് സ്ഥാപനത്തിന്റ മറവിൽ കള്ളനോട്ടടി. യുവാവിനെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കുരുപ്പാത്തടത്തിൽ വീട്ടിൽ പ്രവീൺ ഷാജിയാണ് (24) പിടിയിലായത്. ഇയാളിൽനിന്ന് 500ന്റെ രണ്ട്, 200 ന്റെ നാല്, 50 രൂപയുടെ മൂന്ന് വീതം കള്ളനോട്ടുകൾ കണ്ടെടുത്തു. പ്രവീൺ ഷാജിയുടെ പേഴക്കാപ്പിള്ളി എസ് വളവിൽ പ്രവർത്തിക്കുന്ന പ്രണവ് ഓട്ടോ ഇലക്ട്രിക് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ നോട്ട് അടിക്കാനുപയോഗിക്കുന്ന പ്രിന്ററും അനുബന്ധ സാമഗ്രികളും കണ്ടെടുത്തു.
ഇവിടെയാണ് കള്ളനോട്ട് നിർമാണം നടത്തിയിരുന്നത്. എസ് വളവ് പെട്രോൾ പമ്പിന് സമീപം പ്രവർത്തിച്ചിരുന്ന ഓട്ടോ ഇലക്ട്രിക് കടയുടെ മറവിൽ കള്ളനോട്ട് നിർമാണം നടക്കുന്നതായി കിഴക്കേക്കരയിലുള്ള പെട്രോൾ പമ്പിലെ ജീവനക്കാരാണ് പൊലീസിനെ അറിയിച്ചത്. പലവട്ടം കള്ളനോട്ട് കിട്ടിയതിനെ തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാർ രഹസ്യമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് ഇയാളാണ് ഇതിനുപിന്നിലെന്ന സൂചന ലഭിച്ചത്. തുടർന്ന് ഇവർ വിവരം അറിയിച്ചതോടെ ചൊവ്വാഴ്ച വൈകീട്ട് പൊലീസ് കടയിലെത്തി പരിശോധന നടത്തുകയായിരുന്നു. യുവാവിന്റ പിതാവിന്റെതാണ് സ്ഥാപനം. ഇയാൾ അറിയാതെ മകൻ കള്ളനോട്ട് നിർമാണം നടത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. വലിയ രീതിയിൽ നോട്ട് നിർമാണം നടന്നിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ്. കൂടുതൽ പരിശോധന നടന്നുവരികയാണ്. മിക്ക ദിവസങ്ങളിലും രാത്രിയിൽ കടതുറന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ വിഷ്ണു രാജു, ബേബി ജോസഫ്, എ.എസ്.ഐ പി.എം. രാജേഷ്, എസ്.സി പി.ഒ ബേസിൽ സ്കറിയ എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.