അടിമാലി: മുക്കുപണ്ടം ബാങ്കില്‍ പണയംവെച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. കീരിത്തോട് പകുതിപ്പാലം കപ്യാരുകുന്നേല്‍ സുനീഷ് (28), കട്ടപ്പന കാട്ടുകുടിയില്‍ സുഭാഷ്(44), അടിമാലി കാംകോ ജംഗ്ഷനില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന ഷിജു (ഷിജു ആശാന്‍-46), അടിമാലി ചാറ്റുപാറയില്‍ വാടകക്ക് താമസിക്കുന്ന ഇടുക്കി ചേലച്ചുവട് പുത്തന്‍ പുരക്കല്‍ മഞ്ജുഷ (28) എന്നിവരെയാണ് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.
അടിമാലി യൂണിയന്‍ ബാങ്കില്‍ മഞ്ജുഷ 92000 രൂപക്ക് 32 ഗ്രാം സ്വര്‍ണ്ണം പണയം വെച്ചിരുന്നു. ആഗസ്റ്റ് 23 ന് ഈ സ്വര്‍ണ്ണം പരിശോധിച്ച ബാങ്ക് അധികൃതര്‍ക്ക് ഇത് മുക്കുപണ്ടമാണെന്ന് ബോധ്യമായി. ഉടന്‍ തന്നെ ഈ സ്വര്‍ണ്ണം തിരിച്ചെടുക്കാന്‍ മഞ്ജുഷക്ക് ബാങ്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മഞ്ജുഷ ബാങ്കിലെത്തിയില്ല. ഇതോടെ ആഗസ്റ്റ് 25 ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ആഗസ്റ്റ് 28 ന് മഞ്ജുഷയെ അറസ്റ്റ് ചെയ്തു. കാമുകനായ സുനീഷാണ് തനിക്ക് സ്വര്‍ണ്ണം നല്‍കിയതെന്നാണ് മഞ്ജുഷ പൊലീസിനോട് പറഞ്ഞത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുനീഷിനെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതോടെ മുക്കുപണ്ടം 916 ഹാൾമാര്‍ക്കോടെ നിര്‍മ്മിച്ച് നല്‍കിയത് സുഭാഷ് ആണെന്ന് പൊലീസ് കണ്ടെത്തി. ഒര്‍ജിനല്‍ സ്വര്‍ണ്ണം പൊലെയുളള മുക്കുപണ്ടമാണ് ഇയാള്‍ നിര്‍മ്മിച്ച് നല്‍കിയത്. തുടര്‍ന്ന് അടിമാലിയിലെ ഇടപാടുകാരെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷിജു ആശാന്‍ പങ്കാളിയാണെന്ന് കണ്ടെത്തിയത്. ഇയാള്‍ യൂണിയന്‍ ബാങ്ക് അടിമാലി ശാഖയില്‍ നിന്ന് മുക്കുപണ്ടം വെച്ച് 2.5 ലക്ഷം രൂപ ലോണ്‍ എടുത്തിരുന്നു. പൊലീസ് നിര്‍ദ്ദേശപ്രകാരം ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഇത് തെളിയുകയും ചെയ്തു.
മറ്റ് ബാങ്കുകളിലും ഇത്തരം തട്ടിപ്പ് നടത്തിയതായി പ്രതികള്‍ പറഞ്ഞു. സുഭാഷിന്‍റെ ജില്ലയിലെ മുഖ്യ ഏജന്‍റാണ് സുനീഷ്. ജില്ലയിലും മറ്റ് ജില്ലകളിലുമായി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമാണ് ഇയാള്‍. ഇയാളുടെ സംഘത്തിലുണ്ടായിരുന്ന കീരിത്തോട് സ്വദേശി മനു മാടപ്രാവില്‍ പൊലീസിനെ വെട്ടിച്ച് രക്ഷപെട്ടു. സുഭാഷിന് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.