ഇരിങ്ങാലക്കുട: 38 ക്രിമിനൽ കേസുകളിലെ പ്രതിയായ, നാടുവിട്ട ഗുണ്ടയെ മുംബൈയിലെ ഒളിസങ്കേതത്തിൽനിന്ന് റൂറൽ ജില്ല പൊലീസ് പിടികൂടി. കാട്ടൂർ നന്ദനത്തുപറമ്പിൽ ഹരീഷ് (47) ആണ് പിടിയിലായത്. റൂറൽ എസ്.പി ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ് ഉൾപ്പെടുന്ന ടീമാണ് തിങ്കളാഴ്ച പുലർച്ചെ ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന ഫ്ലാറ്റിലെത്തി പിടികൂടിയത്.
കഴിഞ്ഞ വർഷം പഴുവിൽ സ്വദേശിയെ തല്ലിയ കേസിലും പൊലീസിനു നേരേ വാൾ വീശിയ കേസിലും ഒളിവിൽ പോയിരുന്നു. അന്ന് കര്‍ണാടകയിലെ കോലാറിൽനിന്ന് ഏറെ ശ്രമകരമായാണ് ഇയാളെ പിടികൂടിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷം പാലാരിവട്ടം സ്വദേശിയെ ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ ഉൾപ്പെട്ടെങ്കിലും പിടികിട്ടാപ്പുള്ളിയായി. അതിനു ശേഷം ജൂണിൽ രഹസ്യമായി അന്തിക്കാട് എത്തിയ ഹരീഷ് വഴിയരികിൽ നിൽക്കുകയായിരുന്ന താന്ന്യം സ്വദേശിയെ പ്രകോപനമില്ലാതെ വടിവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു. നാടിന് ഭീഷണിയായ ഇയാൾ പൊലീസിനും നിരന്തരം തലവേദനയാണെന്നും കാപ്പ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു.
കാട്ടൂർ സ്റ്റേഷനിൽ 24, വലപ്പാട് ആറ്, ചേർപ്പ് രണ്ട് എന്നിങ്ങനെ കേസുകളിൽ പ്രതിയാണ്. അന്തിക്കാട്, കളമശ്ശേരി, കൊടകര, വാടാനപ്പള്ളി, ഒല്ലൂർ, മതിലകം, പാലാരിവട്ടം സ്റ്റേഷനുകളിലും കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. അന്തിക്കാട് ഇൻസ്പെക്ടർ പി.കെ. ദാസ്, കാട്ടൂർ ഇൻസ്പെക്ടർ മഹേഷ് കുമാർ, എസ്.ഐ അരിസ്റ്റോട്ടിൽ, സ്റ്റീഫൻ, എ.എസ്.ഐമാരായ പി. ജയകൃഷ്ണൻ, മുഹമ്മദ് അഷറഫ്, സീനിയർ സി.പിഒമാരായ ഇ.എസ്. ജീവൻ, സോണി സേവ്യർ, സി.പി.ഒ മാരായ ശബരി കൃഷ്ണൻ, കെ.എസ്. ഉമേഷ്, എം.വി. മാനുവൽ ഷറഫുദ്ദീൻ എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
38 ക്രിമിനൽ കേസുകളിലെ പ്രതി
ഇരിങ്ങാലക്കുട: നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളാണ് കഴിഞ്ഞ ദിവസം റൂറൽ ജില്ല പൊലീസ് മുംബൈയിൽനിന്നും അറസ്റ്റ് ചെയ്ത കാട്ടൂർ സ്വദേശി ഹരീഷെന്ന് പൊലീസ് പറഞ്ഞു. നാട്ടിൽ എപ്പോഴും ആയുധവുമായി നടക്കുന്ന ഇയാൾ ഒരു കാരണവുമില്ലാതെ കാണുന്നവരെയെല്ലാം ഉപദ്രവിക്കും. ബാറുകളിൽ ആയുധവുമായെത്തി ഭീഷണിപ്പെടുത്തി മദ്യവും പണവും വാങ്ങുന്നത് പതിവാണ്. പരാതിപ്പെടാൻ പലര്‍ക്കും ഭയമാണ്. ഫോൺ ഉപയോഗിക്കാത്ത പ്രതി കേസിൽപ്പെട്ട സ്ഥലത്ത് പിന്നീട് തങ്ങാറില്ല. ഏറ്റവും അടുപ്പമുള്ളവരെ രഹസ്യമായി കണ്ട് ഉടൻ മടങ്ങും. ഓരോ തവണയും ജാമ്യത്തിലിറങ്ങി അടുത്ത കേസുണ്ടാക്കും.
കഴിഞ്ഞ വർഷം കേസുകളിൽപ്പെട്ട് ഒളിവിൽ പോയ ഇയാളെ കർണാടകയിലെ കോലാറിൽനിന്ന് ശ്രമകരമായാണ് പൊലീസ് പിടികൂടിയത്. ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് എറണാകുളം പാലാരിവട്ടത്ത് ബധിരനായ ആളെ ദേഹോപദ്രവം ഏൽപ്പിച്ചത്. ദിവസങ്ങൾക്ക് മുമ്പ് പൊലീസ് കര്‍ണാടകയിലും തമിഴ് നാട്ടിലും ഇയാൾക്കായി തെരച്ചിൽ നടത്തിയിരുന്നു. മുംബൈ വാഷിയിലെ നിർമാണ മേഖലയിലെ ഒളിത്താവളം കണ്ടെത്തി പിടികൂടാനായത് റൂറൽ പൊലീസിന് നേട്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.