കൊച്ചി: യുവതിക്ക് സന്ദേശം അയച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന കേസിൽ ഗുണ്ടാ തലവൻ കണ്ടെയ്നർ സാബു അറസ്റ്റിൽ. എറണാകുളം സെൻട്രൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. പച്ചാളം സ്വദേശിയായ യുവാവിനെയാണ് കഴിഞ്ഞ വെള്ളിയാഴ്ച എറണാകുളം എം.ജി റോഡിൽനിന്ന് ഗുണ്ടാ സംഘം കാറിൽ തട്ടിക്കൊണ്ടു പോയത്. തുടർന്ന് ശരീരമാസകലം പരിക്കേൽപിച്ച് വഴിയിൽ തള്ളുകയായിരുന്നു.
തട്ടിക്കൊണ്ടുപോകാനുപയോഗിച്ച കാർ പൊലീസ് തിരിച്ചറിയുകയും ഡ്രൈവറെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളുടെ മൊഴിയിലാണ് സാബു ഉൾപ്പടെയുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: പരിക്കേറ്റ യുവാവും ക്വട്ടേഷൻ നൽകിയ യുവാവും അടുത്ത സുഹൃത്തുക്കളായിരുന്നു. ക്വട്ടേഷൻ നൽകിയ യുവാവിന്റെ ഭാര്യക്ക് സുഹൃത്തായ യുവാവ് ചില സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിന്റെ പേരിൽ ഇരുവരും അകലുകയും തർക്കവും കലഹവും പതിവാകുകയും ചെയ്തു. ഇതോടെ അടുത്ത സുഹൃത്തായ ഗുണ്ടാ തലവനെ ഉപയോഗിച്ച് ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി കാറിലിട്ട് ക്രൂരമായി മർദിച്ച ശേഷം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിക്കുകയായിരുന്നു. അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്വട്ടേഷൻ തലവനിലേക്ക് പൊലീസ് എത്തുന്നതും അറസ്റ്റ് ചെയ്യുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.