തിരുവല്ലയിൽ പിടിയിലായ ഗുണ്ടാനേതാവ് ആന്ധ്രയിൽ 1.89 കോടി കവർന്ന കേസിലെ പ്രതി; തിരഞ്ഞെത്തി ആന്ധ്ര പൊലീസ്

തിരുവല്ല: ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ആക്രമണത്തിൽ പിടിയിലായ കാപ്പാ ലിസ്റ്റിൽപെട്ട ഗുണ്ടാനേതാവിനെ തേടി ആന്ധ്ര പൊലീസ് എത്തി. ആന്ധ്രപ്രദേശിൽ വഴി തടഞ്ഞ് കവർച്ച നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് എത്തിയത്.

തിരുവല്ല തുകലശ്ശേരി ചുങ്കത്തിൽ ചിറപ്പാട്ടിൽ റോഷൻ വർഗീസിനെ (30) തേടിയാണ് ആന്ധ്ര പൊലീസ് എത്തിയത്. ആന്ധ്രയിലെ അനന്തപൂർ ജില്ലയിൽ മാർച്ച് ഏഴിന് നടന്ന കവർച്ചാക്കേസിലെ അഞ്ചാം പ്രതിയാണ് റോഷൻ. ഹൈവേയിൽവെച്ച് 1.89 കോടി രൂപ കവർന്നതായാണ് കേസ്. മൂന്ന് വാഹനങ്ങളിൽ എത്തിയ 10 അംഗ മലയാളി സംഘമാണ് മറ്റൊരു വാഹനത്തിൽ പണവുമായി പോയവരെ തടഞ്ഞ് പണം കവർന്നത്. മറ്റ് നാലു പ്രതികളായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ ജാക്‌സൺ (29), കോഴിക്കോട് കീഴൽ സ്വദേശി ഷമീം (38), ആലുവ ചേരിയംപറമ്പിൽ നിഷാദ് (40), ഹരിപ്പാട് ഇലവന്താർവടക്കേതിൽ കണ്ണൻ (25) എന്നിവർ ആന്ധ്രാ പൊലീസിന്‍റെ കസ്റ്റഡിയിലുണ്ട്.

അനന്തപൂരിലെ രപ്താഡു സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘം റോഷനെ തേടി ബുധനാഴ്ചയാണ് തിരുവല്ലയിൽ എത്തിയത്. ഈ സമയം റോഷൻ തിരുവല്ല പൊലീസിന്‍റെ കസ്റ്റഡിയിലുണ്ടായിരുന്നു. നിരവധി ക്രിമനൽ കേസുകളിൽ പ്രതിയായ റോഷനെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് പുറത്താക്കിയിരിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി തുകലശ്ശേരിയിലെ വീട്ടിൽ റോഷൻ എത്തുകയും ഇവിടെവെച്ച് മറ്റൊരു സംഘവുമായി അടിപിടി ഉണ്ടാവുകയും ചെയ്തു. തിരുവല്ല ആലുതുരുത്തി സ്വദേശികളായ അംബേദ്കർ ഭവനിൽ പ്രവീൺ കുമാർ, ചെറുവേങ്ങത്തറ ലാലുരാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവുമായിട്ടായിരുന്നു സംഘട്ടനം. എല്ലാവരും മുമ്പ് സുഹൃത്തുക്കളായിരുന്നു. വിവിധ കേസുകളിൽ ഒരുമിച്ച് പ്രതികളായിട്ടുണ്ട്. ഇടക്കാലത്ത് തെറ്റിയ ഇവർ അടുത്തിടെ ഫേസ്ബുക്കിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ചൊവ്വാഴ്ച രാത്രി നടന്ന അക്രമം.

പരസ്പരം വടിവാൾ വീശിയുള്ള ഏറ്റുമുട്ടലിൽ റോഷനും പ്രവീണിനും നേരിയ പരിക്കേൽക്കുകയും ചെയ്തു. തുടർന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാപ്പ നിയമം ലംഘിച്ചതിനാൽ റോഷനെ സെൻട്രൽ ജയിലിൽ അടച്ചിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി ആന്ധ്ര പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും. 

Tags:    
News Summary - Gang leader arrested in Tiruvalla accused in 1.89 crore robbery case in Andhra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.