കോട്ടയം: നായ് പരിശീലന കേന്ദ്രത്തിന്റെ മറവിൽ നടത്തിയ കഞ്ചാവ് കച്ചവടം പിടികൂടി. ജില്ല പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 17.8 കിലോ കഞ്ചാവ് പിടികൂടി. പ്രതിയായ യുവാവ് കടന്നുകളഞ്ഞു. ഡോഗ് ട്രെയിനറായ പാറമ്പുഴ തെക്കേതുണ്ടത്തിൽ വീട്ടിൽ റോബിൻ ജോർജ് (35) വാടകക്ക് താമസിക്കുന്ന കുമാരനെല്ലൂരിലെ വീട്ടിൽനിന്നാണ് പൊലീസ് സാഹസികമായി കഞ്ചാവ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
ഇയാൾ നായ്ക്കൾക്ക് പരിശീലനം നൽകുന്നതിനൊപ്പം ഡെൽറ്റ കെ ഒമ്പത് എന്ന പേരിൽ ഡോഗ് ഹോസ്റ്റലും നടത്തിവരുകയായിരുന്നു. ഇതിന്റെ മറവിലായിരുന്നു കഞ്ചാവ് കച്ചവടം. തിങ്കളാഴ്ച അർധരാത്രിയോടെയാണ് പൊലീസ് സംഘം പരിശോധനക്ക് വീട് വളഞ്ഞത്. ഇത് മനസ്സിലാക്കിയ റോബിൻ മുന്തിയ ഇനത്തിൽപെട്ട 13ഓളം നായ്ക്കളെ പൊലീസിനെ ആക്രമിക്കുന്നതിനായി അഴിച്ചുവിട്ട് മതിൽ ചാടി പിന്നിലെ പാടം വഴി കടന്നുകളഞ്ഞു.
തുടർന്ന് ഡോഗ് സ്ക്വാഡ് ഉദ്യോഗസ്ഥരായ സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രമോദ്, ഗ്രേഡ് ഹെഡ് കോൺസ്റ്റബിൾ സജികുമാർ എന്നിവർ ചേർന്ന് ഡോഗ് സ്ക്വാഡിലെ നാർകോട്ടിക് സ്നിഫർ ഡോഗ് ഡോണിന്റെ സഹായത്തോടെ നായ്ക്കളെ കൂട്ടിലടച്ചു. വീടിനകത്തുണ്ടായിരുന്ന അമേരിക്കൻ ബുള്ളി ഇനത്തിൽപെട്ട രണ്ടു നായ്ക്കളെ മുറിയിലടച്ചിട്ട ശേഷമാണ് പരിശോധന നടത്താനായത്.
കട്ടിലിനടിയിൽ സൂക്ഷിച്ച നിലയിലും മുറിക്കുള്ളിൽ രണ്ട് ട്രാവൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കഞ്ചാവ്. ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും കോട്ടയം നാർകോട്ടിക് സെൽ ഡിവൈ.എസ്.പി സി. ജോൺ, കോട്ടയം ഡിവൈ.എസ്.പി എൻ.കെ. മുരളി, ഗാന്ധിനഗർ എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ സുധി കെ. സത്യപാലൻ, എ.എസ്.ഐ പദ്മകുമാർ എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. വിശദ അന്വേഷണത്തിന് കോട്ടയം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചു. പ്രതിയെ ഉടൻ പിടികൂടുമെന്നും കേസിൽ മറ്റ് ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് വരുകയാണെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.