കോന്നി: ഗവിയിൽനിന്ന് ദൂരൂഹസാഹചര്യത്തിൽ കാണാതായ ഭൂലോക ലക്ഷ്മിയുടെ തിരോധാനത്തിന് 10 വർഷം. നിരവധി സംഘങ്ങൾ സംഭവം അന്വേഷിച്ചെങ്കിലും ഇവർക്ക് എന്ത് സംഭവിച്ചെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല. ഭൂലോകലക്ഷ്മിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഡാനിയേൽകുട്ടി മുട്ടാത്ത വാതിലുകളില്ല. ഏറ്റവും ഒടുവിൽ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി കാത്തിരിക്കുകയാണ് ഈ സാധു മനുഷ്യൻ.
2011 ആഗസ്റ്റ് 13ാം തീയതിയാണ് സീതത്തോട് പഞ്ചായത്തിലെ കൊച്ചുപമ്പ ഏഴാം നമ്പർ കെ.എഫ്.ഡി.സി ക്വാർട്ടേഴ്സിൽനിന്ന് അന്ന് 44 വയസ്സുള്ള ഭൂലോകലക്ഷ്മിയെ കാണാതാകുന്നത്. ഭർത്താവ് ഡാനിയേൽകുട്ടി തിരുനെൽവേലിയിൽ പോയി തിരികെ വന്നപ്പോഴാണ് ഭാര്യയെ കാണാതായ വിവരം അറിയുന്നത്.
ഉടൻ മൂഴിയാർ പൊലീസിൽ പരാതി നൽകി. മാൻ മിസിങ്ങിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടക്കം മുതൽ ഡാനിയേൽകുട്ടി വനപാലകർക്കെതിരെ ശക്തമായ മൊഴികൾ നൽകിയെങ്കിലും ആ ദിശയിൽ കാര്യമായ അന്വേഷണം നടന്നില്ല. അന്ന് പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരു ഗാർഡിനെതിരെ ഡാനിയേൽകുട്ടി മൊഴി നൽകിയിരുന്നു. ആലപ്പുഴ ക്രൈംബ്രാഞ്ചിെൻറ ചോദ്യം ചെയ്യലിൽ ഭൂലോക ലക്ഷ്മിയെ കൊന്നത് താനാണെന്നും മൃതദേഹം ആനത്തോട് ഡാമിൽ താഴ്ത്തിയെന്നും അയാൾ ആദ്യം പറഞ്ഞു. പിന്നീട് ഇവരെ ബലാത്സംഗം ചെയ്ത ശേഷം കൊന്നുവെന്നും വയറുകീറി കല്ലുകെട്ടി ഡാമിൽ താഴ്ത്തിയെന്നും പറഞ്ഞു.
പിന്നീട് ഇവരെ കൊന്ന് മൃതദേഹം ആനകളെ കത്തിക്കുന്ന സ്ഥലത്ത് കൊണ്ടുവന്ന് കത്തിച്ചു കളഞ്ഞുവെന്നായിരുന്നു പുതിയ മൊഴി. ഇതെല്ലാം ആലപ്പുഴ ക്രൈംബ്രാഞ്ചിെൻറ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടും ശാസ്ത്രീയ അേന്വഷണങ്ങൾ ഒന്നും ഉണ്ടായില്ല. തെളിവിനായി ആധുനിക സംവിധാനങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഇവരുടെ തിരോധാനത്തെപ്പറ്റി കൃത്യമായ വിവരങ്ങൾ ലഭിക്കുമായിരുന്നുവെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
2015ൽ ആലപ്പുഴ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന എം.വി. രാജേന്ദ്രൻ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചില വനപാലകരെയും ഭൂലോകലക്ഷ്മിയുടെ അയൽവാസികളായ ചിലരെയും പോളിഗ്രാഫ് ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഇതിനുശേഷവും അന്വേഷണത്തിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.