വിഴിഞ്ഞം: വളർത്തുമകളുടെ കൊലയാളികളെ കണ്ട് പൊട്ടിക്കരഞ്ഞ് ഗീത, കൂസലില്ലാതെ പ്രതികളായ റഫീക്കയും മകൻ ഷഫീക്കും. മൃതദേഹത്തിന് മുന്നിലിരുന്ന് കരഞ്ഞ് ദുഃഖം അഭിനയിച്ച റഫീക്ക ചൊവ്വാഴ്ച കൊലയാളിയുടെ വേഷത്തിലാണ് ഗീതയുടെ വീട്ടിലെത്തിയത്.
പൊലീസ് വലയത്തിൽ അല്ലായിരുന്നെങ്കിൽ വെറുതെ വിടില്ലായിരുന്നുവെന്നതുൾപ്പെടെ ശാപവാക്കുകൾ ചൊരിഞ്ഞാണ് പ്രതികളെ വീടിനുള്ളിലേക്ക് ഗീത എതിരേറ്റത്. കോവളം മുട്ടയ്ക്കാടിൽ പതിനാലുകാരി കൊല്ലപ്പെട്ട വീട്ടിൽ ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
അസഭ്യവർഷം ചൊരിഞ്ഞാണ് ജനം കൊലയാളികളായ അമ്മയെയും മകനെയും വരവേറ്റത്. പൊലീസ് ഉദ്യോഗസ്ഥരുടെയും ഫോറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിൽ പ്രതികൾ കൊടുംക്രൂരത വിവരിച്ചു. ജനരോഷം കടുക്കുന്നതിനിടയിൽ ഒരു മണിക്കൂറോളം കൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കിയ പൊലീസ് പ്രതികളെയും കൊണ്ട് കോവളം സ്റ്റേഷനിലേക്ക് പോയി.
അവിടെ നടന്ന ചോദ്യംചെയ്യലിലും പ്രതികൾ നേരത്തെ പറഞ്ഞ മൊഴികൾ ആവർത്തിച്ചു. ചുറ്റിക മുല്ലൂർ പനവിളയിൽ ശാന്തകുമാരിയെ വകവരുത്തിയ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തെളിവെടുപ്പും ചോദ്യംചെയ്യലും പൂർത്തിയാക്കി നാളെയോടെ കോടതിയിൽ ഹാജരാക്കുമെന്ന് കോവളം സി.ഐ പ്രൈജു അറിയിച്ചു.
ഫോർട്ട് എ.സി.പി ഷാജി സർക്കിൽ, ഇൻസ്പെക്ടർമാരായ പ്രൈജു, രാകേഷ്, സുരേഷ് വി. നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.