കാഞ്ഞങ്ങാട്: വീട്ടിൽ ഉറങ്ങിക്കിടന്ന10 വയസ്സുകാരിയെ പുലർച്ച തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണാഭരണങ്ങൾ കവർന്നശേഷം ഉപേക്ഷിച്ചു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞ വളപ്പിൽ ഇന്നലെ പുലർച്ച മൂന്നു മണിക്കാണ് സംഭവം. കുട്ടി വല്യച്ഛന്റെ കൂടെയായിരുന്നു കിടന്നുറങ്ങിയിരുന്നത്.
അച്ഛനും അമ്മയും മറ്റൊരുമുറിയിലായിരുന്നു. വല്യമ്മ കുടുംബശ്രീ അംഗങ്ങൾക്കൊപ്പം വിനോദയാത്ര പോയിരുന്നു. വല്യച്ഛൻ പുലർച്ച പശുവിനെ കറക്കുന്നതിനായി തൊഴുത്തിലേക്ക് പോയ സമയത്ത് വീടിനകത്ത് കയറിയ അക്രമി ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിയെടുത്ത് അടുക്കള വാതിൽ വഴിയാണ് പുറത്തുകടന്നത്.
വഴിയിൽവെച്ച് ഉറക്കമുണർന്ന് കുട്ടി ബഹളംവെച്ചപ്പോൾ വായപൊത്തിപ്പിടിച്ച് ശബ്ദിച്ചാൽ കൊന്നുകളയുമെന്ന് പറഞ്ഞു. വീടിന് 500 മീറ്റർ അകലെ വയലിൽ വെച്ച് അതിക്രമത്തിനിരയാക്കുകയും കാതുകളിലെ സ്വർണാഭരണങ്ങൾ ഊരിയെടുത്തശേഷം ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു.
കുട്ടി തൊട്ടടുത്ത വീട്ടുകാരോട് വിവരം പറഞ്ഞു. ഇവർ കുട്ടിയെ സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നു.
മൂന്ന് വീട് അപ്പുറമാണ് വീടെന്ന് കുട്ടിയോട് പറഞ്ഞാണ് അക്രമി ഇരുളിൽ മറഞ്ഞത്. പെൺകുട്ടിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 40 വയസ്സിന് മുകളിൽ പ്രായമുള്ള മെലിഞ്ഞ ശരീരപ്രകൃതമുള്ള മലയാളം സംസാരിക്കുന്ന ആളാണ് അക്രമിയെന്ന് വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.