കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്ന ക്വട്ടേഷൻ ഗുണ്ട നേതാവും കൂട്ടാളിയും എക്സൈസിന്റെ പിടിയിൽ. കൊച്ചി ഞാറക്കൽ കൊല്ലവേലിയകത്ത് വീട്ടിൽ വൈപ്പിൻ ലിബിൻ (ജീംബ്രൂട്ടൻ -27), കൊച്ചി നായരമ്പലം കൊടുങ്ങാശ്ശേരിക്കര, കൊല്ലവേലിയകത്ത് വീട്ടിൽ ക്രിസ്റ്റഫർ റൂഫസ് (ഡാർക്ക് അങ്കിൾ) (32) എന്നിവരാണ് എറണാകുളം എൻഫോഴ്സ്മെന്റ് അസി. കമീഷണറുടെ സ്പെഷൽ ആക്ഷൻ ടീമിന്റെയും എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും ഞാറക്കൽ പൊലീസിന്റെയും ഞാറക്കൽ എക്സൈസിന്റെയും സംയുക്ത നീക്കത്തിൽ പിടിയിലായത്.
ഇവരുടെ പക്കൽനിന്ന് ഫുൾ ലോഡ് ചെയ്ത ഒരു കൈത്തോക്ക്, മൂന്ന് ഗ്രാം എം.ഡി.എം.എ, രണ്ട് ഗ്രാം ചരസ് എന്നിവ കണ്ടെടുത്തു. കൊച്ചിയിലെ പ്രമുഖ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന വൈപ്പിൻ ലിബിൻ ആ സംഘത്തിൽനിന്ന് തെറ്റിപ്പിരിഞ്ഞ് സ്വന്തമായി ഒരു ക്വട്ടേഷൻ ടീം രൂപപ്പെടുത്തുകയായിരുന്നു. ഇയാളുടെ സംഘത്തിലെ പ്രധാനി ആശാൻ സാബു എന്ന ശ്യാമിനെ നേരത്തേ എക്സൈസ് ടീം മയക്ക് മരുന്നുമായി പിടികൂടിയിരുന്നു. ഇയാൾ റിമാൻഡിൽ കഴിയവെയാണ് സംഘത്തലവൻ പിടിയിലാകുന്നത്.
മയക്കുമരുന്ന് കടത്ത് കൂടുതൽ സുഗമമാക്കുന്നതിന് ഇയാളുടെ സംഘത്തിൽപെട്ടവർ ബംഗളൂരുവിൽ റൂമെടുത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈയടുത്ത് ക്വട്ടേഷൻ സംഘങ്ങൾ ഏറ്റുമുട്ടാൻ സാധ്യത ഉണ്ടെന്ന വിവരത്തെ തുടർന്ന് വൈപ്പിൻ ലിബിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ മൂർച്ചയേറിയ രണ്ട് വടിവാൾ കണ്ടെടുക്കുകയും ഞാറക്കൽ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. തുടർന്ന് ജ്യാമ്യത്തിൽ ഇറങ്ങിയ ലിബിൻ വീണ്ടും എതിർ ടീമുമായി ഏറ്റുമുട്ടുകയും ഇയാളുടെ കൈപ്പത്തിക്ക് വെട്ടേറ്റ് ഒളിവിൽ കഴിഞ്ഞ് വരികയുമായിരുന്നു.
കൊച്ചിയിലെ രാസലഹരി വിതരണത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നതിലെ പ്രധാനി വൈപ്പിൻ ലിബിനാണെന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എൻഫോഴ്സ്മെന്റ് അസി. കമീഷണർ ബി. ടെനിമോന്റെ മേൽനോട്ടത്തിലുള്ള സംഘം ഇയാൾ വൈപ്പിൻ പെരുമ്പിള്ളി ഭാഗത്ത് ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഈ സമയം വധശ്രമക്കേസിൽ പൊലീസ് തിരയുന്ന ഇയാളുടെ ബന്ധു ഡാർക്ക് അങ്കിൾ എന്ന ക്രിസ്റ്റഫർ റൂഫസും ഇയാളോടൊപ്പം ഉണ്ടായിരുന്നു.
കസ്റ്റഡിയിൽ എടുത്ത ഇരുവരേയും ഞാറയ്ക്കൽ എക്സൈസിന് കൈമാറി. ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈപ്പിൻ ലിബിന്റെ സംഘാംഗങ്ങൾ ഒളിവിലാണ്. ഇവരെക്കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിലും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ. മനോജ് കുമാർ, ഇൻസ്പെക്ടർ എം.ഒ. വിനോദ്, എസ്.ഐ അഖിൽ വിജയകുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫിസർ എൻ.ജി. അജിത് കുമാർ, പ്രിവന്റീവ് ഓഫിസർ എസ്. ജയകുമാർ, എൻ.ഡി. ടോമി, ജെയിംസ് ടി.പി, വിനേഷ് വി.വി, കെ.വി. വിപിൻദാസ്, കെ.കെ. വിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.