ആരാണ് 'മേവാത്തി ഗ്യാങ്'? അന്നും കാർ കണ്ടെയ്നറിൽ കയറ്റി അതിർത്തി കടന്നു; എ.ടി.എം കവർച്ചയിൽ നിർണായകമായത് ആർ. ഇളങ്കോയുടെ നിഗമനങ്ങൾ

തൃശൂർ: തൃശൂരിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നിടങ്ങളിൽ നിന്നായി എ.ടി.എം കവർച്ച നടത്തിയ സംഘം കുപ്രസിദ്ധമായ 'മേവാത്തി ഗ്യാങ്ങ്' ആണെന്ന് പൊലീസ്. മൂന്നു വർഷം മുമ്പ് കണ്ണൂരിൽ മേവാത്തി ഗ്യാങ്ങിലെ ഒരു സംഘം എ.ടി.എം കവർച്ച നടത്തിയിരുന്നു. കവർച്ചക്ക് ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്. ആർ. ഇളങ്കോ അന്ന് കണ്ണൂരിൽ ജില്ല പൊലീസ് മേധാവി ആയിരുന്നു. കേരള പൊലീസ് ഹരിയാനയിലെത്തിയാണ് അന്ന് മോഷ്ടാക്കളെ പിടികൂടിയത്. ഈ മുൻ അനുഭവം ഇത്തവണ മോഷ്ടാക്കളുടെ രീതികൾ വേഗത്തിൽ അറിയാൻ പൊലീസിന് സഹായകമായി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കവർച്ചക്കായി പ്രതികൾ കേരളത്തിലെത്തിയത്. ഹരിയാനയിൽ നിന്ന് ബുധനാഴ്ച ചെന്നൈയിൽ എത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികൾ ചെന്നൈയിൽ എത്തിയത്. ഇതിൽ രണ്ടു പേർ വിമാനത്തിലും മൂന്ന് പേർ കാറിലും രണ്ടുപേർ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരിൽ എത്തിയശേഷം പ്രതികൾ ഒരുമിച്ചാണ് കേരളത്തിലേക്ക് യാത്ര ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

പൊലീസിന്‍റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം...

കേരളം കണ്ട ഏറ്റവും വലിയ ആസൂത്രിത എടിഎം കൊള്ളയാണ് കഴിഞ്ഞ ദിവസം തൃശ്ശൂരിൽ നടന്നത്. 20 കിലോമീറ്റർ പരിധിയിലെ മൂന്ന് എടിഎം കൗണ്ടറുകളിൽ നിന്നായി 68 ലക്ഷം രൂപയാണ് കൊള്ളയടിക്കപ്പെട്ടത്.

എടിഎം കൗണ്ടറിൽ അലാം ഉണ്ടായിരുന്നതിനാൽ മിനിറ്റുകൾക്കകം പോലീസ് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കവർച്ച നടത്തിയത് അന്യ സംസ്ഥാനക്കാരായ പ്രഫഷണൽ മോഷ്ടാക്കളാണെന്ന് തുടക്കത്തിൽ തന്നെ മനസിലാക്കിയിരുന്നു.

തൃശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ മുൻ അനുഭവത്തിൽനിന്നാണ് എടിഎം കവർച്ചയ്ക്കു പിന്നിൽ മേവാത്തി ഗ്യാങ് ആകാമെന്ന സൂചന ലഭിച്ചത്. മൂന്നു വർഷം മുൻപു കണ്ണൂരിൽ മേവാത്തി ഗ്യാങ്ങിലെ ഒരു സംഘം എടിഎം കവർച്ച നടത്തിയപ്പോൾ ഇളങ്കോ അവിടെ ജില്ലാ പൊലീസ് മേധാവി ആയിരുന്നു. അന്ന് കേരള പൊലീസ് ഹരിയാനയിലെത്തിയാണു മോഷ്ടാക്കളെ പിടികൂടിയത്. കവർച്ചയ്ക്ക് ഉപയോഗിച്ച കാർ കണ്ടെയ്നർ ലോറിയിൽ കയറ്റിയാണ് അന്നും കൊള്ളസംഘം കേരളം വിട്ടത്.

സമാനമായി ഈ കേസിലും സിസിടിവി ദൃശ്യങ്ങളും ടോൾ പ്ലാസകളും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാർ പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു എന്ന് കണ്ടെത്തി. അങ്ങനെ തൃശൂരിലെ കൊള്ളയുടെ പിന്നിൽ മേവാത്തി ഗാങ് ആകാമെന്ന വിവരം കമ്മിഷണർ അയൽ സംസ്ഥാനങ്ങളിലെ പൊലീസിന് കൈമാറുകയായിരുന്നു. അങ്ങനെ കേരളത്തിൻ്റെ അതിർത്തി ജില്ലകളിൽ പരിശോധന ഊർജിതമാക്കി.

കണ്ടെയ്നർ ലോറിയിലാണ് പ്രതികൾ എന്ന വിവരം രാവിലെ 8:45ന് തമിഴ്നാട് പൊലീസിന് കൈമാറി. നാമക്കലിലെ കുമാരപാളയം ജംഗ്ഷൻ ബൈപാസിൽ വച്ച് പൊലീസ് സംഘം കണ്ടെയ്നറിന് കൈ കാണിച്ചെങ്കിലും നിർത്താതെ പോയി. ദുരൂഹത സംശയിച്ച പൊലീസ് പിന്നാലെ പാഞ്ഞു. തൊട്ടടുത്തുള്ള ടോൾ ഗേറ്റിന് അടുത്ത് വച്ച് ലോറി വെട്ടിത്തിരിച്ച് അടുത്ത വഴിയിലേക്ക് പോകാൻ ശ്രമിച്ചു. അതിനിടെ നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടുപോയ ലോറി സഹസികമായാണ് തമിഴ്നാട് പൊലീസ് തടഞ്ഞുനിർത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കവർച്ചയ്ക്കായി പ്രതികൾ കേരളത്തിൽ എത്തിയത്. ഹരിയാനയിൽ നിന്ന് ബുധനാഴ്ച ചെന്നൈയിൽ എത്തിയ ശേഷം പ്രതികൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. മൂന്ന് സംഘങ്ങളായാണ് പ്രതികൾ ചെന്നൈയിൽ എത്തിയത്. ഇതിൽ രണ്ടു പേർ വിമാനത്തിലും മൂന്ന് പേർ കാറിലും രണ്ടുപേർ ലോറിയിലും സഞ്ചരിച്ചു. കോയമ്പത്തൂരിൽ എത്തിയശേഷം പ്രതികൾ ഒരുമിച്ചാണ് കേരളത്തിലേക്ക് യാത്ര ചെയ്തത്.

കവർച്ചയുടെ മുഖ്യ ആസൂത്രകൻ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇഖ്രാം ആണ്. എടിഎമ്മുകൾ തിരഞ്ഞെടുത്തത് മുഹമ്മദ് ഇഖ്രാമാണ്. മഹാരാഷ്ട്രയിലെ എടിഎം കവർച്ച കേസിൽ ശിക്ഷ കഴിഞ്ഞ് രണ്ടുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. എടിഎം മോഷണവുമായി ബന്ധപ്പെട്ട് ഹരിയാനയിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും നിരവധി കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹരിയാനയിലെ പൽവാൽ ജില്ലക്കാരായ ഇർഫാൻ, സഫീർഖാൻ, സഖ്‌വീൻ, മുബാറക് എന്നിവരും നൂഹ് ജില്ലയിൽ നിന്നുള്ള മുഹമ്മദ് അക്രം, അസീർ അലി, സുമാനുദ്ദീൻ എന്നിവരാണ് സംഘാംഗങ്ങൾ. ഇതിൽ സുമാനുദ്ദീൻ ആണ് തമിഴ്നാട് പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. അസീർ അലി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. 

Tags:    
News Summary - Haryana’s Mewat gang behind ATM robbery in Thrissur; similar cases help probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.