കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ ചുമത്തിയ കൊഫേപോസ വകുപ്പ് ഹൈകോടതി റദ്ദാക്കി. സ്വപ്നക്കെതിരെ കൊഫേപോസ ചുമത്താൻ മതിയായ കാരണങ്ങളില്ലെന്നും ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. സ്വപ്നയുടെ മാതാവ് നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജയശങ്കർ നമ്പ്യാർ ഉൾപ്പെട്ട ഹൈകോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.
മകൾക്കെതിരെ കൊഫേപോസ ബോർഡ് ചുമത്തിയ ഒരു വർഷത്തെ കരുതൽ തടങ്കൽ നിയമവിധേയമല്ലെന്നാണ് സ്വപ്നയുടെ മാതാവ് കോടതിയിൽ വാദിച്ചത്. കരുതൽ തടങ്കലിന് ശിക്ഷിക്കുമ്പോൾ പ്രധാനമായും രണ്ട് കാര്യങ്ങൾ പാലിക്കണം. തുടർച്ചയായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ തുടർച്ചയായി ഇടപെടുക, കേസിൽ ഉൾപ്പെട്ട പ്രതി പുറത്തു പോയാൽ ഇടപെടാനുള്ള സാധ്യത എന്നിവ പരിശോധിച്ച് വേണം വകുപ്പ് ചുമത്താൻ.
എന്നാൽ, സ്വപ്നയുടെ കാര്യത്തിൽ സ്വർണക്കടത്തിൽ തുടർച്ചയായി പങ്കെടുത്തുവെന്ന തരത്തിൽ ചില മൊഴികൾ മാത്രമാണുള്ളത്. ഇത് സാധൂകരിക്കുന്ന തെളിവ് ശേഖരിക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് ദ്രുതിപിടിച്ചാണ് സ്വപ്നയെ കരുതൽ തടങ്കലിലാക്കിയത്.
തിരുവന്തപുരം സെൻട്രൽ ജയിലിലേക്ക് അയക്കാനാണ് ആദ്യ ഉത്തരവിൽ പറയുന്നത്. എന്നാൽ, അട്ടക്കുളങ്ങര വനിത ജയിലിലേക്കാണ് മാറ്റിയത്. ഇക്കാര്യത്തിൽ നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും സ്വപ്നയുടെ മാതാവ് കോടതിയിൽ ചൂണ്ടിക്കാട്ടി.
ഒക്ടോബർ പത്തിന് സ്വപ്ന സുരേഷിന്‍റെ കരുതൽ തടങ്കൽ ഒരു വർഷം പൂർത്തിയാകാൻ ഇരിക്കെയാണ് കൊഫേപോസ റദ്ദാക്കിയത്. കസ്റ്റംസ് ആവശ്യപ്പെട്ട പ്രകാരമാണ് കൊഫേപോസ ബോർഡ് സ്വപ്ന സുരേഷിനെതിരെ ഒരു വർഷത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചത്. നിലവിൽ അട്ടക്കുളങ്ങര വനിത ജയിലിലാണ് സ്വപ്ന സുരേഷ്.
അതേസമയം, സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്നക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. ഹൈകോടതിയുടെ മുമ്പിലുള്ള ജാമ്യാപേക്ഷ 22ാം തീയതി കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.