നെടുമങ്ങാട്: വഴിതർക്കത്തിന്റെ പേരിൽ യുവതിയുടെ വീട്ടിൽ കയറി നിരന്തരം അതിക്രമം കാട്ടുന്ന എസ്. ഐക്കെതിരെ വലിയമല പൊലീസ് കേസെടുത്തു.
മന്നൂർക്കോണം സ്വദേശി ആലപ്പുഴ റെയിൽവേ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷാനിഫിനെതിരെയാണ് പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷണം നടത്തുന്നത്. മന്നൂർക്കോണം നഹിയ മൻസിലിൽ റിസാന എന്ന യുവതിയാണ് പരാതിക്കാരി.
അയൽവാസി കൂടിയായ എസ്.ഐ ഷാനിഫുമായി വഴിയുടെ പേരിൽ സിവിൽ കേസ് നടക്കുകയാണ്. ഷാനിഫിന്റെ വസ്തുവിലേക്ക് പരാതിക്കാരിയുടെ വസ്തുവിൽ നിന്ന് വഴിവെട്ടാൻ സ്ഥലം നൽകണമെന്നാവശ്യപ്പെട്ടാണ് ഇയാളുടെ അതിക്രമമെന്ന് പരാതിയിൽ പറയുന്നു.
കഴിഞ്ഞ 28ന് രാത്രി 12.30 ഓടെ ഷാനിഫും കണ്ടാലറിയാവുന്ന മറ്റ് നാലുപേരും ചേർന്ന് വീട്ടിൽ അതിക്രമിച്ചുകയറി മുറ്റത്ത് അടുക്കി വെച്ചിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ബഹളം കേട്ട് പുറത്തിറങ്ങിയ റിസാനയെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. ഭർത്താവ് വിദേശത്തായ യുവതിയും മകളും മാത്രമാണ് വീട്ടിലുള്ളത്. യുവതിയെയും മകളെയും വണ്ടിയിടിച്ച് കൊലപ്പെടുത്തുമെന്ന് എസ്.ഐ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടെന്നും യുവതി പറയുന്നു. നേരത്തെയും നിരവധി തവണ ഇയാൾ അതിക്രമം കാട്ടിയിരുന്നതായും മുഖ്യമന്ത്രിയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. എസ്. ഐയോടൊപ്പം അതിക്രമം കാട്ടിയ കണ്ടാലറിയാവുന്ന നാലുപേരെക്കൂടി എഫ്.ഐ.ആറിൽ ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.