കൊച്ചി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞ്ഞനം തേരുപറമ്പില്‍ പ്രിൻസ് (23), ഇയാളുടെ പങ്കാളി അശ്വതി (25) കൊട്ടാരക്കര നെടുവത്തൂർ മൂഴിക്കോട് ആര്യഭവനിൽ അനൂപ് (23) എന്നിവരെയാണ് പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ സ്വകാര്യ കമ്പനി ജീവനക്കാരനെയാണ് തട്ടിക്കൊണ്ടുപോയി മർദിച്ച് പണം കവർന്നത്. ഡേറ്റിങ് ആപ്പിലൂടെ അനു എന്ന് പേരുള്ള യുവതിയുമായി സൗഹൃദം സ്ഥാപിച്ച യുവാവിനെ ബംഗളൂരുവിൽ പഠിക്കുന്ന കോലഞ്ചേരി സ്വദേശിനിയാണെന്ന് പരിചയപ്പെടുത്തി. ഇപ്പോൾ നാട്ടിലുണ്ടെന്നും നേരിൽ കാണാമെന്നും സന്ദേശം അയച്ചു. കോലഞ്ചേരിയിലെ ബസ് സ്റ്റോപ്പിലെത്തിയ യുവാവിനെ കാറിൽ എത്തിയ രണ്ട് പ്രതികൾ സഹോദരങ്ങൾ ആണെന്ന് പറഞ്ഞ് വാഹനത്തിൽ ബലമായി കയറ്റി. സഹോദരിക്ക് മെേസജ് അയച്ചതിന് പൊലീസിൽ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ച് യുവാവിൽനിന്ന് 23,000 രൂപ അക്കൗണ്ട് വഴിയും പഴ്‌സിലെ പണവും കവർന്ന് റോഡിൽ ഉപേക്ഷിച്ചു.
യുവാവിന്റെ പരാതിയിൽ സി.സി.ടി.വി കാമറകൾ പരിശോധിച്ച് നടന്ന അന്വേഷണത്തിൽ പ്രതികൾ വന്ന വാഹനം തിരിച്ചറിഞ്ഞു. പൊലീസിനെ വെട്ടിച്ച് കടന്ന പ്രതികളെ രാമമംഗലം പാലത്തിൽവെച്ച് സാഹസികമായി കീഴടക്കുകയായിരുന്നു. വർഷങ്ങളായി ബംഗളൂരുവിലും ഗോവയിലുമായി താമസിക്കുന്ന പ്രതികൾ 2021 മുതൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.