നേമം: അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. നേമം സ്റ്റേഷൻ പരിധിയിൽ സ്റ്റുഡിയോ റോഡ് ടി.സി 49/2981 (1) താഴെ തട്ടാരക്കുഴി വീട്ടിൽ കൃഷ്ണപ്പണിക്കരുടെ മകൻ വിനേഷ് കുമാറിന്റെ വീട്ടിലായിരുന്നു മോഷണം. ബുധനാഴ്ച രാത്രി 11.30നും പുലർച്ച 5.30നും ഇടയിലാണ് മോഷണമെന്നാണ് കരുതുന്നത്. മോഷണം നടക്കുമ്പോൾ വീട്ടുകാർ ഉറക്കത്തിലായിരുന്നു. പിറകുവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്.
അലമാരക്കുള്ളിൽ സൂക്ഷിച്ചിരുന്ന നാല് വളകൾ, ഒന്നര പവൻ വീതം തൂക്കം വരുന്ന 18 മോതിരങ്ങൾ, രണ്ടായിരത്തോളം രൂപ വിലവരുന്ന വാച്ച്, വീടിനുള്ളിൽ ഉണ്ടായിരുന്ന വിലകൂടിയ ബാഗ്, തുണിത്തരങ്ങൾ ഉൾപ്പെടെയാണ് മോഷണം പോയത്. ഒന്നേകാൽ ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിരലടയാള വിദഗ്ധരും ഡോഗ്സ്കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. നേമം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്റ്റേഷൻ പരിധിയിൽ അടുത്തിടെ നടക്കുന്ന മൂന്നാമത്തെ മോഷണമാണ് ഇത്. ദിവസങ്ങൾക്കു മുമ്പ് പള്ളിച്ചൽ സ്വദേശി മധുസൂദനന്റെ വീട്ടിലെത്തിയ മോഷ്ടാക്കൾ ഇവിടെനിന്ന് നാലു പവൻ സ്വർണാഭരണങ്ങൾ കവർന്നിരുന്നു. കല്ലിയൂർ സ്വദേശി വിഷ്ണുവിന്റെ വീട്ടിലുണ്ടായ മോഷണത്തിൽ നഷ്ടമായത് അഞ്ച് പവൻ സ്വർണാഭരണങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.