വടകര: ചോമ്പാൽ മുക്കാളിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ദേശീയപാതയോട് ചേർന്ന ശ്രീഹരിയിൽ ഹരീന്ദ്രന്റെ വീട്ടിലാണ് പുലർച്ച മോഷണം നടന്നത്. തമിഴ്നാട് റിട്ട. സബ് ഇൻസ്പെക്ടറാണ് ഹരീന്ദ്രൻ. അലമാരയിൽ സൂക്ഷിച്ച അഞ്ചു പവൻ സ്വർണവും 45,000 രൂപയും കവർച്ച ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് ഹരീന്ദ്രനും കുടുംബവും വീടുപൂട്ടി ബംഗളൂരുവിലെ മകളുടെ വീട്ടിൽ പോയത്.
വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ഹെൽമറ്റ് ധരിച്ച രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്. ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. വീടിനകത്തെ സാധന സാമഗ്രികൾ വാരിവലിച്ചിട്ട നിലയിലാണ്. മോഷ്ടാവിന്റേതെന്ന് കരുതുന്ന ഹെൽമറ്റ് ഉപേക്ഷിച്ച നിലയിൽ വീട്ടിൽനിന്നും കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ വീടിന്റെ ഗ്രിൽസ് തുറന്ന നിലയിൽ കണ്ടതോടെ അയൽക്കാരായ ബന്ധുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്.
ചോമ്പാല സി.ഐ ശിവൻ ചോടോത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തി.
പയ്യോളി കെ 9 സ്ക്വാഡിലെ ട്രാക്കർ ഡോഗ് റോണിയും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി.
കഴിഞ്ഞ ദിവസമാണ് അഴിയൂരിൽ ഡോക്ടറുടെ വീട്ടിൽനിന്ന് 20 പവൻ സ്വർണാഭരണങ്ങളും രണ്ടു ലക്ഷം രൂപയും മോഷ്ടാക്കൾ കവർന്നത്. അതിന്റെ കേസന്വേഷണം നടക്കുന്നതിനിടയിലാണ് പ്രദേശത്ത് വീണ്ടും മോഷണം നടന്നിരിക്കുന്നത്. ചോമ്പാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.