ന്യൂഡൽഹി: ഇക്കഴിഞ്ഞ ജനുവരിയിലാണ് നോയ്ഡയിലെ എയർഇന്ത്യ ജീവനക്കാരൻ സൂരജ് മാൻ കൊല്ലപ്പെട്ടത്. പർവേശ് മാൻ, കപിൽ മാൻ എന്നിവർ നയിക്കുന്ന രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സൂരജിന്‍റെ കൊലയിൽ കലാശിച്ചത്. ഇരുവരും മണ്ഡോലി ജയിലിലാണിപ്പോൾ. കപിൽ മാനിന്‍റെ അടുത്ത ബന്ധുവിനെ കൊലപ്പെടുത്തിയ കേസിലാണ് പർവേശ് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. പർവേശിന്‍റെ സഹോദരനാണ് കൊല്ലപ്പെട്ട സൂരജ്. പർവേശിന് സാമ്പത്തിക സഹായം ചെയ്തിരുന്നത് സൂരജായിരുന്നു. നോയ്ഡയിലെ ജിമ്മിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സൂരജിനെ കൊലപ്പെടുത്തിയത്.
നവീൻ ശർമ എന്നയാൾക്ക് 1.5 ലക്ഷം രൂപ അഡ്വാൻസ് ആയി നൽകിയാണ് കൊലക്കാവശ്യമായ ആയുധങ്ങൾ തയാറാക്കിയത്. ബാക്കി പണം നൽകും മുൻപേ നവീൻ ശർമ പൊലീസിന്‍റെ പിടിയിലായി. ഒളിവിലായിരുന്ന കാജലിന്‍റെ തലയ്ക്ക് പൊലീസ് 25,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കപിലിന്‍റെ അഭാവത്തിൽ 2019 -20 കാലഘട്ടത്തിൽ ഗുണ്ടാസംഘത്തെ നയിച്ചിരുന്നത് കാജലായിരുന്നു.
കപിൽ മാൻ ഭാര്യയായ കാജൽ വഴി കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. പിന്നീട് ഒളിവിൽ പോയ കാജലിനെ പിടികൂടാൻ വലവിരിക്കുകയായിരുന്നു ഡൽഹി ക്രൈംബ്രാഞ്ച് സംഘം. അന്വേഷണവുമായി ബന്ധപ്പെട്ട് സന്ദീപ് തുഷിറിന്റെ നേതൃത്വത്തിൽ ഹരിയാനയിൽ നിരവധി തവണ റെയ്ഡുകൾ നടന്നു. കാജൽ കപിൽ മാനിന്റെ ഭാര്യ മാത്രമല്ല, കൊലക്കേസിലെ പ്രതിയും കൂടിയാണ്. കാജലിന്റെ ശൃംഖല ജയിലുകളിലും തെരുവുകളിലും അധോലോക കേന്ദ്രങ്ങളിലുമായി വ്യാപിച്ചു കിടക്കുകയായിരുന്നു.
2016ലാണ് കാജലും കപിലും കണ്ടുമുട്ടിയത്. രോഹിണി സെക്ടർ 11ലെ ജിംനേഷ്യമായിരുന്നു വേദി. ആ സമയത്ത് സ്റ്റാഫ് സെലക്ഷൻ പരീക്ഷകൾക്ക് തയാറെടുക്കുകയായിരുന്നു കാജൽ. പതിവായി അവർ കണ്ടുമുട്ടി. നന്നായി പഠിച്ച് നല്ല ജോലി നേടുക എന്നതായിരുന്നു കാജലിന്റെ വലിയ സ്വപ്നം. എന്നാൽ കപിലുമായുള്ള പരിചയം പ്രണയമായി വളർന്നതോടെ, കാജലിന്റെ ആഗ്രഹങ്ങൾ എന്നേക്കുമായി ഇല്ലാതായി. പകരം കാജൽ എന്ന ലേഡി ഡോൺ ജൻമം കൊണ്ടു.
ഹരിയാനയിലെ ക്ഷേത്രത്തിൽ വെച്ച് ഇരുവരും വിവാഹിതരായി. കപിലിന്റെ ഗുണ്ടാസംഘവും വളർന്നു. എല്ലാറ്റിനും കാജൽ ഒപ്പം നിന്നു. അവരൊരുമിച്ച് കുറ്റകൃത്യങ്ങൾക്ക് പദ്ധതിയിട്ടു, കവർച്ചകൾ നടത്തി. ബിസിനസ് സാമ്രാജ്യം വലുതാക്കി. എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കി. 2019 സെപ്റ്റംബറിൽ കപിലിന്റെ നല്ല കാലം അവസാനിച്ചു. അയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അയാൾ തുടങ്ങി വെച്ച കാര്യങ്ങൾ കാജൽ പൂർത്തിയാക്കി. ജയിലിൽ കപിലുമായി നിരന്തരം കൂടിക്കാഴ്ചകൾ നടത്തി കാജൽ പദ്ധതികൾ ആസൂത്രണം ചെയ്തു.
പർവേശുമായുള്ള കപിലിന്റെ ശത്രുതക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഡൽഹിയിലെ ഖേര ഖുർദ് ഗ്രാമത്തിലെ ഇരുവരുടെയും കുടുംബാംഗങ്ങൾ തമ്മിലുള്ള കുടിപ്പകയാണത്. വെറുമൊരു തുണ്ട് ഭൂമിക്കായി ഇരുകുടുംബങ്ങളും കലഹിച്ചു. ആ കലഹത്തിൽ ഇരുകുടുംബങ്ങളിൽ നിന്നുമായി അഞ്ചുപേരുടെ ജീവൻ നഷ്ടമായി. 2018ൽ പർവേശിന്റെ ഗുണ്ടകൾ കപിലിന്റെ അമ്മാവൻ സൂര്യ പ്രകാശിനെ കൊലപ്പെടുത്തിയതോടെ ശത്രുത രൂക്ഷമായി. വൈകാതെ പർവേശിന്റെ സഹോദരൻ അനിലും അടുത്ത അനുയായി ആയിരുന്ന വീരേന്ദ്ര മാനും കൊല്ലപ്പെട്ടു.
കാജലിനെ അറസ്റ്റ് ചെയ്തുവെങ്കിലും മറ്റൊരു പിടികിട്ടാപ്പുള്ളിയായ അനു എന്ന യുവതിയെ പിടികൂടാൻ സാധിച്ചില്ല. ഹണി ട്രാപ്പ് വഴി ബർഗർ കിങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണിവർ. ജമ്മുകശ്മീരിലെ കത്ര സ്റ്റേഷനിലാണ് ഇവരുടെ അവസാന ലൊക്കേഷൻ കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.