മൂന്ന് മാസം കോളജ് 'വിദ്യാർഥിയായി'; റാഗിങ് കേസ് തെളിയിച്ച് പൊലീസ് ഉദ്യോഗസ്ഥ

ഭോപാൽ: കേസ് തെളിയിക്കുന്നതിന് പൊലീസ് നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. വിദ്യാർഥിയായി വേഷം മാറി റാഗിങ് കേസ് തെളിയിച്ച പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ വാർത്തകളിലെ താരം. ശാലിനി ചൗഹാൻ എന്ന പൊലീസുകാരിയാണ്, ജൂനിയർ വിദ്യാർഥികളെ ക്രൂരമായ റാഗിങ്ങിനിരയാക്കുന്നവരെ കണ്ടെത്തുന്നതിനായി മൂന്ന് മാസം വിദ്യാർഥിയായി അഭിനയിച്ചത്.

മധ്യപ്രദേശിലെ മഹാത്മാഗാന്ധി മെമ്മോറിയിൽ മെഡിക്കൽ കോളജിൽ റാഗിങ് നടക്കുന്നതായി വിദ്യാർഥികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ ഭയം കാരണം റാഗിങ് ചെയ്ത ആളുകളുടെ പേരുകൾ വെളിപ്പെടുത്താനോ പരാതിയുമായി മുന്നോട്ട് പോവാനോ വിദ്യാർഥികൾ തയാറായില്ല.

അന്വേഷണത്തിനായി പൊലീസ് കാമ്പസിലെത്തിയപ്പോഴും വിദ്യാർഥികൾ പൊലീസുമായി സഹകരിച്ചില്ല. തുടർന്ന് ശാലിനിയോടും മറ്റ് പൊലീസ് കോൺസ്റ്റബിൾമാരോടും സാധാരണ വസ്ത്രത്തിൽ കോളജിലും പരിസരത്തും സമയം ചെലവഴിക്കാനും വിദ്യാർഥികളോട് സംസാരിക്കാനും മുതിർന്ന ഉദ്യോഗസ്ഥർ നിർദേശം നൽകുകയായിരുന്നു.

വിദ്യാർഥിയുടെ വേഷത്തിൽ കോളജിലെത്തിയ ശാലിനി കാന്‍റീനിലും മറ്റിടങ്ങളും വെച്ച് വിദ്യാർഥികളോട് സംസാരിക്കാൻ തുടങ്ങി. കോളജിലെ വിദ്യാർഥിയാണ് ശാലിനിയെന്നു കരുതിയ വിദ്യാർഥികൾ റാഗിങിന്‍റെ കാര്യം തുറന്ന് പറയുകയായിരുന്നു. ഇതിലൂടെ റാഗിങ് നടത്തിയ 11 വിദ്യാർഥികളെക്കുറിച്ചുള്ള വിവരം ശാലിനിക്ക് ലഭിച്ചു.

ഒന്നാം വർഷ വിദ്യാർഥികളെ റാഗിങിനിരയാക്കിയ 11 വിദ്യാർഥികളേയും കോളജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - How Woman Cop Posed As College Student For 3 Months To Crack Ragging Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.