ഗാന്ധിനഗർ (കോട്ടയം): നരബലിക്ക് ഇരയായ പത്മയുടെ (58) പോസ്റ്റ്മോർട്ടം പൂർത്തിയായില്ല. വ്യാഴാഴ്ചയും തുടരും. 56 കഷണങ്ങളായി വെട്ടിമുറിച്ച നിലയിലാണ് മൃതശരീരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. ഇവയെല്ലാം മനുഷ്യശരീരം തന്നെയാണെന്നതടക്കം ഉറപ്പാക്കാൻ സമയം ആവശ്യമായതിനാലാണ് പോസ്റ്റ്മോർട്ടം നീണ്ടത്.
എല്ലാ ഭാഗവും ഒരാളുടേതും സ്ത്രീയുടേതുമാണെന്ന് ഉറപ്പിക്കാനും വിശദമായ പരിശോധനയാണ് ഫോറൻസിക് സംഘം നടത്തുന്നത്. എല്ലാ ഭാഗവും പരിശോധിച്ചാൽ മാത്രമേ വ്യക്തതവരൂ. അതിനാലാണ് കൂടുതൽ സമയം എടുക്കുന്നതെന്ന് മെഡിക്കൽ കോളജ് ഫോറൻസിക് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച മൃതദേഹത്തിന്റെ ശേഷിച്ച ഭാഗങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും. ഇതിനുശേഷം തിരുവനന്തപുരം ലബോറട്ടറിയിൽ ഡി.എൻ.എ ടെസ്റ്റിനായി അയക്കും. ഇതിന്റെ ഫലം വന്ന ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകൂ. ബുധനാഴ്ച രാവിലെ 11.30ന് കോട്ടയം മെഡിക്കൽ കോളജ് ഫോറൻസിക് മേധാവി ഡോ. ലിസയുടെ സാന്നിധ്യത്തിൽ ഡോ. ദീപു, ഡോ. ജോമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം ആരംഭിച്ചത്. പത്മയുടെ മക്കളായ സേട്ട്, ശെൽവരാജ് എന്നിവരും സഹോദരി ഭരണിയമ്മാളും ബന്ധുക്കളും എത്തിയിരുന്നു.
പത്മ എല്ലാ ദിവസവും ശെൽവനെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഭർത്താവ് രങ്കനുമൊത്താണ് കൊച്ചിയിൽ താമസിച്ചത്. ഒരുമാസം മുമ്പ് രങ്കൻ തമിഴ്നാട്ടിലേക്ക് തിരിച്ചുപോയി. പത്മ കൂലിപ്പണി ചെയ്തും ഒഴിവുസമയങ്ങളിൽ ലോട്ടറി വിറ്റുമാണ് കഴിഞ്ഞത്. 15 വർഷമായി കേരളത്തിലാണ് ഇവർ. കഴിഞ്ഞ 20നാണ് അവസാനമായി മകനുമായി ഫോണിൽ സംസാരിച്ചത്. പിന്നീട് വിളിക്കാതെ വന്നതുകൊണ്ട് 27ന് കൊച്ചിയിലെത്തിയ രണ്ടാമത്തെ മകൻ ശെൽവരാജ് പൊലീസിൽ പരാതി നൽകിയിരുന്നു.
11ന് പൊലീസ് വിളിച്ചാണ് മരണവിവരം അറിയിച്ചത്. ഉടൻ കേരളത്തിലെത്തി. കോട്ടയം മെഡിക്കൽ കോളജിലെ മോർച്ചറിയിലെത്തി അമ്മയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ട മക്കൾക്ക് ദുഃഖമടക്കാനായില്ല. റോസ്ലിന്റെ ശരീരാവശിഷ്ടങ്ങളും വ്യാഴാഴ്ച ഫോറൻസിക് സംഘം പരിശോധിക്കും. ഇതും ഡി.എൻ.എ പരിശോധനക്കായി അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.