ആലപ്പുഴ: കല്ലുപാലത്തിന് സമീപം പഴയകെട്ടിടം പൊളിക്കുന്നതിനിടെ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ മനുഷ്യെൻറ അസ്ഥികൂടങ്ങൾ കണ്ടെത്തി. ഞായറാഴ്ച രാവിലെ ജോലിക്കെത്തിയ തൊഴിലാളികൾ രണ്ട് തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിെൻറയും ഭാഗങ്ങളാണ് കണ്ടത്. വർഷങ്ങൾ പഴക്കമുള്ള അസ്ഥികൾ ദ്രവിച്ചുതുടങ്ങിയ അവസ്ഥയിലാണ്. അസ്ഥികളിൽ അടയാളപ്പെടുത്തലുകൾ ഉള്ളതിനാൽ വൈദ്യപഠനാവശ്യത്തിനായി ഡോക്ടർമാർ ഉപയോഗിച്ചതാണെന്ന് സംശയമുണ്ട്.
ജില്ല പൊലീസ് മേധാവി ജി. ജയ്ദേവിെൻറ നേതൃത്വത്തിൽ സൗത്ത് പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അസ്ഥികൂടം പോസ്റ്റുമോർട്ടത്തിന് ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് പൊലീസ് സർജന് കൈമാറി. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം കൂടുതൽ കാര്യങ്ങൾക്ക് വ്യക്തതവരും. പ്രാഥമിക നിഗമനത്തിൽ ദുരൂഹതയില്ലെങ്കിലും സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
വർഷങ്ങളായി ആൾത്താമസമില്ലാത്ത വീടാണിത്. എട്ടുവർഷം മുമ്പ് ഡോക്ടർ അടക്കമുള്ളവർ വാടകക്ക് താമസിച്ചിരുന്നു. തലയോട്ടികൾ രണ്ടായി മുറിച്ച നിലയിലുള്ളവയാണ്. വിശാലമായ സ്ഥലവും കെട്ടിടവും അഞ്ചിലധികം പേരുടെ ഉടമസ്ഥതയിൽ കൈമറിഞ്ഞെത്തി വ്യാപാരിയായ കണ്ണൻ വിലക്കുവാങ്ങുകയായിരുന്നു. കാടുപിടിച്ച സ്ഥലത്ത് ഇഴജന്തുക്കളുടെ ശല്യമുള്ളതായി സമീപവാസികളുടെ പരാതിയിൽ ഞായറാഴ്ച രാവിലെ സ്ഥലഉടമ എക്സ്കവേറ്റർ ഉപയോഗിച്ച് കാട് നീക്കാനെത്തി. ഇതിെനാപ്പം വീടിന് സമീപത്ത് ജീർണാവസ്ഥയിലായ വിറക് പുര പൊളിക്കുന്നതിനിടെയാണ് പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന ലളിത, പദ്മിനി, രാഗിണി ചലച്ചിത്ര നടിമാരിൽ ലളിതയുടെ ബംഗ്ലാവായിരുന്നു. ലളിതയും ഭർത്താവ് അഡ്വ. ശിവശങ്കരൻ നായരും ഏറെക്കാലം താമസിച്ചിരുന്നു. അക്കാലത്ത് ഉദയാസ്റ്റുഡിയോയിൽ ചിത്രീകരണത്തിനെത്തിയിരുന്ന നടന്മാരായ സത്യൻ, പ്രേംനസീർ തുടങ്ങിയവർ ഈ വീട്ടിലെ അതിഥികളായിട്ടുണ്ട്. ഇവർ വീടിെൻറ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽനിന്ന് ആരാധകരെ അഭിവാദ്യം ചെയ്തിരുന്നതായി പഴയതലമുറയിലുള്ളവർ പറയുന്നു. ഈ വീട്ടിൽ സത്യസായി ബാബയും സന്ദർശിച്ചിട്ടുണ്ട്.
പിന്നീട് ഒരു ഡോക്ടർ ഏറക്കാലം താമസിച്ചിരുന്നു. ഈ വീട്ടിൽ അന്നത്തെ കെട്ടിട ഉടമയുടെ ബന്ധുക്കളായ ദമ്പതികളും താമസിച്ചിരുന്നു. വാടകക്ക് താമസിച്ച ഡോക്ടർമാർ അടക്കമുള്ളവരുടെയും മുൻകാല കെട്ടിട ഉടമകളുടെയും വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.