പട്ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രധാനാധ്യാപകനെ കൈകാര്യം ചെയ്ത് നാട്ടുകാർ. കാതിഹാർ ജില്ലയിലാണ് സംഭവം. അധ്യാപകനെ പോക്സോ വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
നാലാം ക്ലാസ് വിദ്യാർഥിയായ 12കാരിയെ അധ്യാപകൻ ബലാത്സംഗത്തിന് ഇരയാക്കാൻ ശ്രമിക്കുകയും കവിളിൽ കടിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. പെൺകുട്ടിയുടെ കരച്ചിൽകേട്ട് ചിലർ അധ്യാപകന്‍റെ മുറിയിലെത്തുകയായിരുന്നു. തുടർന്ന് കുട്ടിയെ രക്ഷപ്പെടുത്തിയ ശേഷം പ്രധാനാധ്യാപകനെ മുറിയിൽ പൂട്ടിയിട്ടു.
സംഭവം അറിഞ്ഞ് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും സ്കൂളിന് പുറത്ത് തടിച്ചുകൂടിയിരുന്നു. പൊലീസെത്തി സംഭവം അന്വേഷിക്കുകയും അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അധ്യാപകനെ പൊലീസ് പുറത്തെത്തിച്ചതോടെ രോഷാകുലരായ ഗ്രാമവാസികൾ കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് പൊലീസുകാരുടെ കഠിന പരിശ്രമത്തെ തുടർന്ന് അധ്യാപകനെ ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുത്തി പൊലീസ് സ്റ്റേഷനിലെത്തിച്ചു. മർദനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം തനിക്ക് മാനസിക പ്രശ്നങ്ങളുള്ളതിനാലാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതെന്നും മനപൂർവമല്ലെന്നും അധ്യാപകൻ പൊലീസിന് മൊഴി നൽകി. ആദ്യമായല്ല സ്കൂളിൽ പെൺകുട്ടിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു.
അധ്യാപകനെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തതായും പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.