അഹ്മദാബാദ്: ഗുജറാത്തിൽ ദുർമന്ത്രവാദിയും ബന്ധുക്കളും 25കാരിയെ തീയിൽ പഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ദേവഭൂമി ധ്വാരക ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ദൈവകോപം അകറ്റാനെന്ന പേരിൽ നടത്തിയ ചടങ്ങുകളാണ് കൊലക്ക് കാരണമായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിൽ ദുർമന്ത്രവാദി ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി. മിതാപൂർ താലൂക്കിലെ അരംബാദ ഗ്രാമത്തിലെ രമീല സോലങ്കിക്കാണ് ജീവൻ നഷ്ടമായത്. ബുധനാഴ്ച നവരാത്രി ആഘോഷങ്ങൾക്കായി ഭർത്താവ് വാലക്കൊപ്പം ഒകാമധി ഗ്രാമത്തിലെത്തിയതായിരുന്നു യുവതി.
അവിടെയെത്തിയതോടെ രമീല വിറയ്ക്കാൻ തുടങ്ങി. സമീപത്തുനിന്ന് ഇതുകണ്ട ദുർമന്ത്രവാദിയായ രമേശ് സോലങ്കി രമീലയുടെ ശരീരത്തിൽ കോപാകുലയായ ദേവത കുടിയേറിയെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. ദൈവകോപം അകറ്റാൻ യുവതിയെ അടിക്കാൻ ആവശ്യപ്പെട്ടു. രമീലയെ അടിച്ചില്ലെങ്കിൽ അവിടെകൂടിയവരെ അവൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിറകുകൊണ്ടും ചൂടാക്കിയ ഇരുമ്പ് ചങ്ങലകൊണ്ടും ബന്ധുക്കളോട് യുവതിയെ അടിക്കാനും നിർദേശിച്ചു. തുടർന്ന് യുവതി മരിക്കുകയായിരുന്നു -ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
യുവതിയുടെ മരണത്തോടെ ഭർത്താവ് പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് ഇൻസ്പെക്ടർ അറിയിച്ചു. രമേശ് സോലങ്കിക്ക് പുറമെ രമീലയുടെ ബന്ധുക്കളായ വേർസി സോലങ്കി, ഭവേഷ് സോലങ്കി, അർജുൻ സോലങ്കി, മനു സോലങ്കി എന്നിവരാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.