ലഖ്നോ: മധ്യപ്രദേശിലെ ദേവാസിൽ ലവ് ജിഹാദ് ആരോപിച്ച് 16കാരന് ആൾക്കൂട്ടത്തിന്‍റെ ക്രൂരമർദനം. നാലുദിവസം മുമ്പാണ് സംഭവം. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ വൻതോതിൽ പ്രചരിപ്പിച്ചു.
ഉത്തർപ്രദേശ് സ്വദേശികളായ 16കാരനും 12കാരിയും ഒരാഴ്ച മുമ്പാണ് വീടുവിട്ടിറങ്ങിയത്. ഇരുവരെയും കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിൽ ദേവാസിൽനിന്ന് 17കിലോമീറ്റർ അകലെയുള്ള ബുൻസാരയിലെ ടോൾ ബൂത്തിന് സമീപം വെച്ച് ഇരുവരെയും ബസിൽ കണ്ടെത്തി.
എന്നാൽ, ബസിലായിരുന്ന ഇരുവരെയും പിടികൂടാൻ ശ്രമിക്കുന്നതിടെ ഒരു കൂട്ടം ആളുകൾ രണ്ടു കാറുകളിലായി ബസിന് സമീപമെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും പിടികൂടി 16കാനെ ക്രൂരനെ മർദിച്ചു. പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും ആദ്യം പരാജയപ്പെടുകയായിരുന്നു. പിന്നീട് ആൾക്കൂട്ടത്തിൽനിന്ന് കുട്ടികളെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
16കാരൻ മുസ്ലിമാണെന്ന് തെറ്റിദ്ധരിച്ച് 'ലവ് ജിഹാദ്' ആരോപിച്ചാണ് കുട്ടിയെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. 'ലവ് ജിഹാദ് കേസാണെന്നാണ് അവർ കരുതിയത്. ഇരുവരും ഒരേ വിഭാഗത്തിൽനിന്നുള്ളവരാണെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ അവർ കേൾക്കാൾ തയാറായില്ല' -പൊലീസ് പറഞ്ഞു.
പൊലീസ് ഇടപെട്ടില്ലെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നു. ഇരുവരെയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായും പിന്നീട് യു.പി പൊലീസിന് കൈമാറിയതായും പൊലീസ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ, വെള്ളിയാഴ്ച ദേവാസ് പൊലീസ് നാലുപേർക്കെതിരെയും അജ്ഞാതരായ 15 പേർക്കെതിരെയും കേസെടുത്തു. മർദനത്തിന്‍റെ വിഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. പ്രതികളെ പിടികൂടാൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.