കൊല്ലം: ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ കൊറ്റങ്കര പണ്ടാരക്കുളത്തിന് സമീപം കുമ്പളത്ത് വിള കിഴക്കതിൽ രാജീവിനെ (34) കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജ് പി.എൻ. വിനോദ് ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചു. ലക്ഷം രൂപ പിഴ ഒടുക്കാനും വിധിച്ചു. 2018 മാർച്ച് ആറിനായിരുന്നു സംഭവം. കൊറ്റങ്കര മഠത്തിവിള വീട്ടിൽ ഗൾഫിൽ എൻജിനീയറായി ജോലി ചെയ്തു കൊണ്ടിരുന്ന അജിത് (32) ആയിരുന്നു കൊല്ലപ്പെട്ടത്. സംഭവം കണ്ട പ്രോസിക്യൂഷൻ സാക്ഷിയായ പ്രതിയുടെ ഭാര്യയും അജിത്തിന്റെ സഹോദരിയുമായ അനുമോൾ കോടതിയിൽ മജ്സ്ട്രേറ്റ് മുമ്പാകെ കൊടുത്ത മൊഴി മാറ്റി പറഞ്ഞു.
പ്രോസിക്യൂഷൻ കൂറുമാറിയതായി പ്രഖ്യാപിക്കുകയും നിയമനടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. കോടതി മുമ്പാകെ വ്യാജതെളിവ് നൽകാൻ ശ്രമിച്ച കുറ്റത്തിന് അനുമോൾക്കെതിരെ പ്രത്യേക നിയമനടപടി സ്വീകരിക്കാനും കോടതി ഉത്തരവുണ്ട്. പ്രതി പിഴയായി ഒടുക്കുന്ന തുക മരിച്ച അജിത്തിന്റെ അനന്തരവാകാശികൾക്ക് നൽകണമെന്നും മാതാവിനും വിധവയായ ഭാര്യയ്ക്കും ഉചിതമായ നഷ്ടപരിഹാരം നൽകാനും അവരെ പുനരധിപ്പിക്കാനുള്ള നടപടി സ്വീകരിക്കാൻല്ലം ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി. മുണ്ടയ്ക്കൽ, ജിതിൻ രവീന്ദ്രൻ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.