പാലക്കാട്: ദേശീയപാതയിൽ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം വഴിമുട്ടി. ബസിലെ കണ്ടക്ടർ, അപകടം നടന്ന സ്ഥലത്തെ റസ്റ്റാറന്റിലെ ആളുകൾ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തെങ്കിലും ബസ് യാത്രക്കാർ അന്വേഷണ സംഘത്തിന് മുമ്പാകെ എത്താത്തതാണ് വഴിമുട്ടാൻ കാരണം. ബസിൽ 22 യാത്രക്കാരുണ്ടായിരുന്നു. ഇവർ ആരൊക്കയെന്ന് കണ്ടെത്തി മൊഴിയെടുക്കാൻ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും നടപടി ഇഴഞ്ഞുനീങ്ങുകയാണ്. ദേശീയപാത ചിതലി വെള്ളപ്പാറയിൽ ഫെബ്രുവരി ഏഴിന് രാത്രിയാണ് കാവശ്ശേരി ഈടുവെടിയാൽ ഷീജ നിവാസ് മോഹനന്റെ മകൻ ആദർശ് മോഹൻ (23), സുഹൃത്തായ കാസർകോട് ആഞ്ഞൂർ ആനന്ദാശ്രമം കാളിക്കടവ് ഉദയംകുന്നിൽ കെ. തമ്പാന്റെ മകൻ കെ. സബിത്ത് (26) എന്നിവർ മരിച്ചത്. വലതുവശത്തുകൂടി പോകുന്ന ലോറിയെ ബൈക്കിൽ മറികടക്കുന്നതിനിടെ പിറകെ വന്ന കെ.എസ്.ആർ.ടി.സി ബസിന്റെ പിറകുവശം ബൈക്കിൽ ഇടിക്കുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവര്‍ വടക്കഞ്ചേരി ഡിപ്പോയിലെ തൃശൂർ പീച്ചി സ്വദേശി ഔസേപ്പിനെ (50) കുഴൽമന്ദം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. ആദ്യം അന്വേഷിച്ച കുഴൽമന്ദം പൊലീസ് കേസ് ദുർബലപ്പെടുത്തിയെന്നും മനഃപൂർവമുള്ള നരഹത്യക്ക് കേസെടുക്കാത്തതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെ ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പി എം. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറുകയായിരുന്നു. പാലക്കാട് കാടാങ്കോടിന് സമീപം ബസ് ഡ്രൈവറും ബൈക്ക് യാത്രക്കാരായ യുവാക്കളും തമ്മിൽ വാക്തർക്കം ഉണ്ടായതായി ബസിലെ യാത്രക്കാരിൽ ചിലർ പറയുന്നുണ്ട്. യാത്ര തുടരുന്നതിനിടെ പലതവണ ബസും ബൈക്കും മുന്നിലും പിന്നിലുമായി വന്നിരുന്നതായും പറയുന്നു. ഇത് അറിയാൻ മോട്ടോർ വാഹന വകുപ്പ് ദേശീയപാതയിൽ സ്ഥാപിച്ച നിരീക്ഷണ കാമറ പരിശോധിച്ചാൽ മതിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.