തിരുവനന്തപുരം: ദമ്പതികളെ ആക്രമിച്ചതിന് കസ്റ്റഡിയിലായ പ്രതി പൊലീസ് സ്റ്റേഷനിൽ മരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നു. ജില്ല ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ദൃക്സാക്ഷികളിൽനിന്നുൾപ്പെടെ മൊഴി രേഖപ്പെടുത്തുന്ന നടപടികളും നടത്തിവരികയാണ്. കസ്റ്റഡിമരണം എന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി കഴിഞ്ഞദിവസം ഡി.ജി.പി ഉത്തരവ് പുറപ്പെടുവിച്ചത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ചാൽ മാത്രമേ സുരേഷ് കുമാറിന്‍റെ മരണകാര്യത്തിൽ വ്യക്തത വരുകയുള്ളൂയെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറഞ്ഞു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ദിവസങ്ങൾക്കുള്ളിൽ പൊലീസിന് ലഭ്യമാക്കുമെന്ന് മെഡിക്കൽ കോളജ് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് ഉൾപ്പെടെ അഞ്ച് പേരെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോൾ സുരേഷ് മരിച്ചെന്നാണ് പൊലീസ് പറയുന്നത്. ഹൃദയാഘാതമാണ് മരണകാരണമെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യക്തമാകാൻ കൂടുതൽ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടർമാരുടെ നിലപാട്. മർദനമാണ് മരണകാരണമെന്ന റിപ്പോർട്ട് വരികയാണെങ്കിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറും. എന്നാൽ ജഡ്ജികുന്നില്‍നിന്ന് ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ സുരേഷ് അടക്കമുള്ള സംഘം തങ്ങളെ മർദിച്ചെന്നാണ് ദമ്പതികളുടെ പരാതി. സുരേഷിനൊപ്പം അറസ്റ്റിലായ മറ്റ് നാല് പേരും ഇപ്പോൾ റിമാൻഡിലാണ്. കസ്റ്റഡിയിൽ പൊലീസ് മർദനം നടന്നിട്ടുണ്ടോയെന്ന അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിൽ കഴിയുന്ന ഇവരുടെ മൊഴി ജില്ലാ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. അതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.