മുണ്ടക്കയം: ചിറ്റടിയില്‍ എം.ഡി.എം.എ പിടിച്ച സംഭവത്തിൽ ലഹരികടത്തുകാര്‍ക്ക് എക്സൈസ് ഒത്താശ ചെയ്തു നല്‍കിയതായി പൊലീസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
സംഭവവുമായി ബന്ധപ്പെട്ട് പെരുവന്താനം പഞ്ചായത്തിലെ പാലൂര്‍ക്കാവില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതില്‍ എക്സൈസിന്റെ ഭാഗത്ത് വന്‍വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിവരം.
കഴിഞ്ഞ നാലിനു പുലര്‍ച്ചയാണ് ചിറ്റടി സ്വദേശിയെ 2.900 ഗ്രാം എം.ഡി.എം.എയുമായി എക്സൈസ് പിടികൂടിയത്. ഇയാളില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ പാലൂര്‍ക്കാവ് സ്വദേശിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തു. 60ഗ്രാമില്‍ കുറയാത്ത എം.ഡി.എം.എ പിടിച്ചെടുത്തു. ഇയാളുമായി മുപ്പത്തിയഞ്ചാം മൈലിലെ ബന്ധുവിന്റെ വീട്ടിലെത്തുകയും അവിടെയും എക്സൈസ് പരിശോധന നടത്തുകയും ചെയ്തു.
പിന്നീട് പൊന്‍കുന്നം എക്സൈസ് ഓഫിസില്‍ കൊണ്ടുപോയ യുവാവിനെ വിട്ടയക്കുകയായിരുന്നു. 60 ഗ്രാമില്‍ കൂടുതല്‍ സാധനവുമായി പിടിച്ചയാളെ എങ്ങനെ വിട്ടയച്ചുവെന്നതിലാണ് ദുരൂഹത. ഇക്കാര്യം പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചു വരുകയാണ്. പാലൂര്ക്കാവില്നിന്ന് എം.ഡി.എം.എ പിടിച്ചെടുത്തതിന് സാക്ഷികളായി പരിസരവാസികളായ രണ്ടുപേരെ കൊണ്ട് രേഖകളില്‍ ഒപ്പുവെപ്പിച്ചിരുന്നു. ഈ രേഖകളെല്ലാം അട്ടിമറിച്ചാണ് യുവാവിനെ വിട്ടയച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബംഗളൂരു കേന്ദ്രീകരിച്ചുള്ള കച്ചവടത്തിനു സഹായിയായി ഇടുക്കി ജില്ലയിലെ ഒരു എ.എസ്.ഐ പ്രവര്‍ത്തിക്കുന്നതായി പ്രചാരണം വ്യാപകമാണ്.
ലഹരിവലയിൽ കുടുങ്ങി മുണ്ടക്കയത്തെ സ്കൂളുകള്‍
മുണ്ടക്കയം: മേഖലയിലെ വിവിധ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി കച്ചവടം പൊടിപൊടിക്കുന്നു. കുട്ടികളെ ലക്ഷ്യംവെച്ച് കഞ്ചാവ് കച്ചവടക്കാര്‍ എത്താന്‍ തുടങ്ങിയിട്ട് ഏറെ നാളായെങ്കിലും ഇപ്പോള്‍ ഇവര്‍ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം മേഖലയിലെ ഒരു സ്കൂളില്‍ വിദ്യാര്‍ഥിയുടെ ബാഗില്‍നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു. സംഭവത്തില്‍ പൊലീസിെൻറയും രക്ഷിതാക്കളുടെയും ഇടപെടലുണ്ടായെങ്കിലും വിഷയം ഒതുക്കി തീര്‍ക്കുകയായിരുന്നു. മറ്റൊരു സ്കൂളിലും കച്ചവടക്കാര്‍ എത്താറുണ്ടെന്നു കുട്ടികള്‍ സാക്ഷ്യപ്പെടുത്തുന്നു. ടൗണിലെ ഒഴിഞ്ഞ മുറികളും ഇടവഴികളും കേന്ദ്രീകരിച്ചാണ് കച്ചവടവും ഉപയോഗവും നടക്കുന്നത്. ഒരു സ്കൂളില്‍ കുട്ടികള്‍ക്ക് കഞ്ചാവ് കൈമാറുന്നത് അധ്യാപകര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.