വിഴിഞ്ഞം: സസ്പെൻഷനിലിരിക്കെ ഹോട്ടലിൽ പരിശോധന നടത്തി പണമാവശ്യപ്പെട്ട ആരോഗ്യവകുപ്പ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിക്കാനുള്ള പണം കണ്ടെത്താനായി ഹോട്ടലിൽ പരിശോധന നടത്തിയ ഊറ്ററ സ്വദേശി ചന്ദ്രദാസാണ് (42) കാഞ്ഞിരംകുളം പൊലീസിന്റെ പിടിയിലായത്.
കാഞ്ഞിരംകുളം ചാവടിനടയിലെ ഹോട്ടലിലെത്തിയ ചന്ദ്രദാസ് ആരോഗ്യ വകുപ്പ് ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയശേഷം പരിശോധന ആരംഭിച്ചു. 30,000ഓളം രൂപ പിഴയടിക്കേണ്ട കുറ്റങ്ങളുണ്ടെന്നും 1000 രൂപ തന്നാൽ പ്രശ്നം പരിഹരിക്കാമെന്നും ഹോട്ടലുടമക്ക് ഉറപ്പുനൽകി. പണം നൽകില്ലെന്ന് അറിയിച്ചതോടെ 500 രൂപയെങ്കിലും ആവശ്യപ്പെട്ടു. സംശയംതോന്നിയ ഹോട്ടൽ ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ചശേഷം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കള്ളി വെളിച്ചത്തായത്. തുടർന്ന് കാഞ്ഞിരംകുളം സി.ഐ അജിചന്ദ്രൻ നായരുടെ നേതൃത്വത്തിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഡി.എം.ഒ ഓഫിസിലെ ക്ലാസ് ഫോർ ജീവനക്കാരനായ ചന്ദ്രദാസ് കൃത്യമായി ഓഫിസിൽ ഹാജരാകാത്തതിന്റെ പേരിൽ സസ്പെൻഷനിലാണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.