ചാലക്കുടി: വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. അസം നാഗോൺ ജില്ലയിലെ ദൂപാഗുരിഗാവോൺ സ്വദേ ശികളായ അബ്ദുറഹ്മാൻ (22), നൂറുൽ അമീൻ (35) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ലക്ഷങ്ങൾ വിലവരുന്ന 28 ഡപ്പി ഹെറോയിൻ കണ്ടെടുത്തു.
പരിയാരം പൂവത്തിങ്കൽ കുറ്റിക്കാട് റോഡിൽ ഹെറോയിനുമായി വിൽപനക്ക് വന്നപ്പോഴാണ് പിടികൂടിയത്. ചെറിയ പ്ലാസ്റ്റിക് ഡപ്പികളിൽ അടച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇവർ സഞ്ചരിച്ച സ്കൂട്ടറിന്റെ പ്രത്യേക അറയിലും വസ്ത്രത്തിനുള്ളിലുമായാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്.
വിവിധ ഓൺലൈൻ ആപ്ലിക്കേഷനുകളിൽ ഗ്രൂപ്പുകൾ രൂപവത്കരിച്ച് ആവശ്യക്കാരെ കണ്ടെത്തി എത്തിച്ചുകൊടുക്കുകയാണ് രീതിയെന്ന് പിടിയിലായ രണ്ടുപേരും ചോദ്യംചെയ്യലിൽ സമ്മതിച്ചു. അസമില്‍നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് ആദ്യം പൊലീസിനോട് പറഞ്ഞെങ്കിലും മറ്റൊരു അന്തർ സംസ്ഥാന തൊഴിലാളി തന്നതാണെന്ന് പിന്നീട് പറഞ്ഞു. ഇയാളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ദോങ്ഗ്രേക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷ്, ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സി. ഷാജ് ജോസ്, ചാലക്കുടി ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, ജില്ല ലഹരിവിരുദ്ധ സേന ഇൻസ്പെക്ടർ ബി.കെ. അരുൺ എന്നിവരുടെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
ചാലക്കുടി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഷബീബ് റഹ്മാൻ, ഷാജു എടത്താടൻ, ക്രൈം സ്ക്വാഡ് അംഗങ്ങളും ലഹരിവിരുദ്ധ സേനാംഗങ്ങളുമായ വി.ജി. സ്റ്റീഫൻ, സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ജെയ്സൺ ജോസഫ്, സീനിയർ സി.പി.ഒമാരായ ജെ.യു. സിജു, ബിനു ദേവരാജൻ, ജിബി പി. ബാലൻ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ പി.എസ്. റെനീഷ് എന്നിവരടങ്ങിയ സംഘം ഒരാഴ്ചയോളം പരിയാരം ഭാഗത്ത് മഫ്തിയിൽ സഞ്ചരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
സ്റ്റേഷനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ട് പിടിച്ചു
ചാലക്കുടി: ഹെറോയിനുമായി പിടിയിലായ പ്രതി അബ്ദുറഹ്മാൻ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് സ്റ്റേഷനിലെ ചില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കീഴ്പ്പെടുത്തി. സ്റ്റേഷനിൽനിന്ന് 200 മീറ്റർ ദൂരത്തുനിന്നാണ് ഇയാളെ ഓടിച്ചിട്ട് പിടിച്ചത്. ടോയ് ലറ്റിൽ പോയ ഇയാൾ അവിടത്തെ ചില്ല് പൊട്ടിച്ചാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നാലെ ഓടിയ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.