പൂണെ: ഐ.ടി ജീവനക്കാരിയെ സുഹൃത്ത് വെടിവെച്ച് കൊലപ്പെടുത്തി. ഹിഞ്ചാവാഡിയിലെ വന്ദന ദ്വിവേദി (26) യാണ് കൊല്ലപ്പെട്ടത്. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ വന്ദനയെ ഹിഞ്ചെവാഡിയിലെ ലക്ഷ്മി ചൗക്കിന് സമീപമുള്ള ഹോട്ടലിലാണ് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 9.30യോടെയാണ് സംഭവം. വന്ദനയുടെ സുഹൃത്തായ ഋഷഭ് നിഗമിനെ പിസ്റ്റൾ സഹിതം മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ് സ്വദേശികളായ ഇരുവരും 2013 മുതല്‍ പ്രണയബന്ധത്തിലായിരുന്നുവെന്നും അടുത്തിടെ ഋഷഭിനെ ഒഴിവാക്കാന്‍ വന്ദന ശ്രമിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. രണ്ട് കൊല്ലം മുമ്പ് ഋഷഭിന് സ്വന്തം നാട്ടില്‍വെച്ച് മര്‍ദനമേറ്റിരുന്നു. ഇതിനുപിന്നില്‍ വന്ദനയാണെന്ന് ഋഷഭിന് സംശയമുണ്ടായിരുന്നതായി ഡെപ്യൂട്ടി കമീഷണര്‍ ബാപു ബംഗാര്‍ പറഞ്ഞു.
ജനുവരി 25നാണ് ഋഷഭ് ഉത്തര്‍പ്രദേശില്‍നിന്ന് ഹിഞ്ചാവാഡിലെ ലോഡ്ജില്‍ മുറിയെടുത്തത്. അടുത്ത ദിവസം വന്ദനയും ഇവിടെയെത്തി. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് മുംബൈയില്‍നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ബന്ധം ഒഴിവാക്കാൻ ശ്രമിച്ചതാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.