ഭാര്യയെ മക്കളുടെ മുന്നിൽവച്ച്​ കഴുത്തുഞെരിച്ച് കൊന്നു; കൊലപാതകത്തിന്​ കാരണം സോഷ്യൽ മീഡിയ ഫോളോവേഴ്​സിനെച്ചൊല്ലിയുള്ള തർക്കമെന്ന്​ പൊലീസ്​

യു.പിയില്‍ മക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. ഭാര്യയുടെ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം കൂടിയതിലുള്ള അസൂയയാണ് കൊലപാതകത്തിന്​ കാരണമെന്ന്​ പൊലീസ്​. കാറിനുള്ളില്‍ വെച്ചായിരുന്നു കൊലപാതകം. ഇരുവരുടെയും കുട്ടികളും കാറിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണമായ കൊലപാതകം നടന്നത്. സംഭവം നടന്ന ദിവസം റായ്ബറേലിയ്ക്കുള്ള യാത്രയിലായിരുന്നു കുടുംബം. സുല്‍ത്താന്‍പൂരിലെ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ വെച്ചായിരുന്നു സംഭവം. യാത്രയുടെ ഇടക്ക് ഭര്‍ത്താവും ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും എസ്‌.യു.വി കാറിനുള്ളിലായിരുന്നു കൊലപാതകമെന്നും പൊലീസ്​ പറയുന്നു.

സോഷ്യൽ മീഡിയ ഫോളോവേഴ്​സിനെച്ചൊല്ലിയുള്ള തർക്കവും സംശയരോഗവുമാണ്​​ കൊലപാതകത്തിലേക്ക്​ നയിച്ചത്​. സാമൂഹിക മാധ്യമങ്ങളില്‍ ഭാര്യയ്ക്കുണ്ടായ പ്രശസ്തി ഭർത്താവിനെ ചൊടിപ്പിച്ചിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ദിവസങ്ങളായി ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന്​ ഭര്‍ത്താവിനെ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ തന്റെ അഭാവത്തില്‍ ആരൊക്കെയോ ഭാര്യയെ കാണാന്‍ വരുന്നുണ്ടെന്ന് ഇയാള്‍ സംശയിക്കുകയും ചെയ്തു. ഇതായിരുന്നു ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണം.

‘ഭര്‍ത്താവ് ടൂര്‍ ആന്‍ഡ് ട്രാവല്‍ ഏജന്‍സി നടത്തി വരികയാണ്. ഭാര്യ വീട്ടമ്മയായിരുന്നു . ലക്‌നൗവിലെ പര നഗര പ്രദേശത്താണ് ഇവരുടെ വീട്. ഇവര്‍ക്ക് 12 ഉം 5 ഉം വയസ്സുള്ള രണ്ട് മക്കളുമുണ്ട്’-കുരേബാര്‍ എസ്.എച്ച്.ഒ പ്രവീണ്‍ കുമാര്‍ പറഞ്ഞു.

കൊലപാതകം നടക്കുന്ന സമയത്ത് രണ്ട് മക്കളും കാറിനുള്ളിലുണ്ടായിരുന്നു. സംഭവം നേരിട്ട് കണ്ട കുട്ടികള്‍ നിലവിളിച്ച് കരയാന്‍ തുടങ്ങി. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് കാര്‍ സ്വയം ലോക്ക് ചെയ്ത് അതിനുള്ളില്‍ തന്നെയിരിക്കുകയായിരുന്നു. പട്രോളിങ്ങിനെത്തിയ പൊലീസ് സംഘമാണ് സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെപ്പറ്റിയുള്ള വിവരങ്ങള്‍ അടുത്തുള്ള സ്റ്റേഷനില്‍ അറിയിച്ചത്. പിതാവ് തങ്ങളുടെ അമ്മയെ കൊന്ന വിവരം കുട്ടികള്‍ തന്നെയാണ് പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Tags:    
News Summary - Jealous of wife’s Instagram followers, city man kills her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.